പത്തനംതിട്ട : കുമ്പഴ കളിയിക്കൽപടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. കാറോടിച്ച മലയാലപ്പുഴ പനയ്ക്കൽ രഞ്ജിത്ത് (35), കൂടെയുണ്ടായിരുന്ന പുതുപ്പറമ്പിൽ ദീപു (35) എന്നിവർക്കാണ് പരിക്കേറ്റത്. രഞ്ജിത്തിന് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ഇരുവരെയും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാർക്ക് നിസാര പരിക്കുണ്ട്.
ഇന്നലെ പകൽ 12.15 നായിരുന്നു അപകടം. മലയാലപ്പുഴയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോയ സ്വകാര്യ ബസും മലയാലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിന്റെ നിയന്ത്രണം വിട്ടതാകാം കാരണമെന്ന് അധികൃതർ പറഞ്ഞു.
കുമ്പഴ - മലയാലപ്പുഴ റോഡിൽ സ്ഥിരം അപകട മേഖലയാണ് കളിയിക്കൽപ്പടി വളവ്. നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന വലിയൊരു വളവാണിത്. ഇറക്കം കൂടിയ റോഡാണിത്. വേഗത കൂടിയ വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. 1979 ൽ കോമോസ് എന്ന സ്വകാര്യ ബസ് മറിഞ്ഞ് 46 പേർ മരിച്ച അപകടം നടന്നതും ഇവിടെയായിരുന്നു. ജീവനുകൾ നഷ്ടമായ നിരവധി വേറെയും അപകടങ്ങൾ നടന്നിട്ടുണ്ട്.
ബസിൽ അധികം ആളുകൾ ഇല്ലായിരുന്നു. അമിത വേഗതയിലുമല്ലായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു. സഡൻ ബ്രേക്ക് ചവിട്ടുകയും ചെയ്തു. സീറ്റിന് മുമ്പിലുള്ള കമ്പിയിൽ ഇടിച്ചാണ് ബസ് യാത്രക്കാർക്ക് പരിക്കേറ്റത്. എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചു.
എം. വിശ്വനാഥൻ
ബസിലെ യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |