റാന്നി: അത്തിക്കയം കൊച്ചുപാലം ബലപ്പെടുത്താൻ കരാറുകാരൻ തയ്യാറാകാതെ വന്നതോടെ നാട്ടുകാർ രംഗത്തിറങ്ങി. പിരിവെടുത്ത് പാലം ബലപ്പെടുത്തുകയാണ് അവർ. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിൽ നിർമ്മിക്കേണ്ട അത്തിക്കയം -കടുമീൻചിറ റോഡിലെ കൊച്ചു പാലത്തിന്റെ സംരക്ഷണ ഭിത്തിയും സമീപന റോഡുമാണ് നാട്ടുകാർ മുന്നിട്ടിറങ്ങി ബലപ്പെടുത്തുന്നത്. വേനൽ മഴ കടുത്തതോടെ കുത്തിയൊലിച്ചെത്തുന്ന മഴവെള്ളത്തിൽ പാലത്തിന്റെ ബാക്കി ഭാഗം ഇടിഞ്ഞു പോകുന്നതിനു മുമ്പ് നിർമ്മാണം നടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനമെടുക്കുകയായിരുന്നു. ഇടിഞ്ഞു വീണ ഭാഗത്തെ മണ്ണും കല്ലും നീക്കി വാനമെടുത്ത് കല്ലുകൾ പാകി കമ്പി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത ശേഷമാകും സംരക്ഷണ ഭിത്തി കെട്ടുക. ഇതിനുശേഷം, ഇടിഞ്ഞുപോയ സമീപന റോഡ് പാറ മക്കിട്ട് നിരത്തും. സംരക്ഷണ ഭിത്തി കെട്ടി സമീപന റോഡ് മണ്ണിട്ട് മൂടുന്ന ജോലികൾക്ക് വേണ്ടത് അഞ്ചു ലക്ഷം രൂപയോളമാണ്.പാലം നിലംപൊത്തിയാൽ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലാകുക. സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയും മുടങ്ങും . സ്വകാര്യ , സർക്കാർ സ്കൂളുകളും രണ്ടു ക്ഷേത്രങ്ങളും പ്രദേശത്തുണ്ട് .
കരാറുകാരന് താക്കീത് നൽകി
അത്തിക്കയം കൊച്ചു പാലത്തിന്റെ നിർമ്മാണം ഏഴു ദിവസത്തിനകം ആരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തികൾ പുന ക്രമീകരിക്കുമെന്ന് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് ഡയറക്ടർ പറഞ്ഞു. ഹിയറിങ് നടപടികൾ പൂർത്തീകരിച്ചതിനാൽ മറ്റൊരു മുന്നറിയിപ്പ് നൽകാതെ തുടർ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്.കരാറുകാരനായ കാസർകോട് ചെങ്ങളം സ്വദേശി സി അബ്ദുൽ റഷീദിന് താക്കീത് നൽകിയിട്ടുണ്ട്.നേരത്തെ ഹിയറിങ് നടത്തിയപ്പോൾ താൻ നിർമ്മിക്കുന്ന അത്തിക്കയം കടുമീൻചിറ റോഡ്, ഇറത്തോട് ആശാൻ കുടി റോഡ്, ജനസേവാ റോഡ് എന്നിവ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ അത്തിക്കയം -കടുമീൻചിറ റോഡ്, ജനസേവ റോഡ് എന്നിവയുടെ നിർമ്മാണത്തിൽ യാതൊരു പുരോഗതി ഉണ്ടായിട്ടില്ല.
സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തിയാൽ ഒരുപക്ഷേ പാലത്തിന് അടുത്ത മഴക്കാലത്തെ അതിജീവിക്കാനാവും പാലം പൊളിച്ചു പണിയാൻ മറ്റൊരു കരാറെത്തുന്നതും കാത്തിരിക്കാനാവില്ല.
അനിൽകുമാർ
ആക്ഷൻ കൗൺസിൽ ജോയിന്റ് കൺവീനർ
-----------------------
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |