റാന്നി: കനത്ത വേനലിന് ആശ്വാസമായി വേനൽ മഴ ശക്തം. മഴയോടൊപ്പം മിന്നലും ഇടിയും കാറ്റും ഉണ്ട് . കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.മിന്നലിലും നാശനഷ്ടങ്ങൾ ഏറെയാണ് . കഴിഞ്ഞ ദിവസം മൂന്ന് മണിക്കുറോളമാണ് ശക്തമായ മഴപെയ്തത്. വേനൽ ചൂടിൽ നാശാവസ്ഥയിലായിരുന്ന കാർഷികവിളകൾക്ക് മഴ ആശ്വാസമായിട്ടുണ്ട് . രാവിലെ നല്ല തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും വൈകുന്നേരത്തോടെ കാലാവസ്ഥ മാറും . ഫലവൃക്ഷങ്ങൾ കായ്ച്ചുനിൽക്കുന്ന സമയമായതിനാൽ വേനൽച്ചൂടിനൊപ്പം എത്തുന്ന മഴയിൽ ഇവ കൊഴിയുമോ എന്ന് ആശങ്കയുണ്ട് . എങ്കിലും വേനൽമഴ എത്തിയതോടെ ജലക്ഷാമത്തിന് അല്പമെങ്കിലും പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് റാന്നി നിവാസികൾ.
വേനൽമഴ തുടർച്ചയായി പെയ്തങ്കിലും പമ്പാനദി വരണ്ടുണങ്ങി തന്നെയാണ് . പമ്പാനദിയെ ആശ്രയിച്ച് റാന്നി താലൂക്കിൽ നിരവധി ജലവിതരണ പദ്ധതികളാണുള്ളത് . ഇവയുടെ പ്രവർത്തനങ്ങളും ആശങ്കയിലാണ് . ഏതാനും കുടിവെള്ള പദ്ധതികളിൽ ജലനിരപ്പ് ഉയർത്തുവാനായി തടയണകൾ പുന:സ്ഥാപിച്ചതിനാൽ പമ്പിംഗ് നടക്കുന്നുണ്ട് . എന്നാൽ മറ്റുള്ള പദ്ധതികളിൽ പ്രതിസന്ധി തുടരുന്നു .
പമ്പാനദിയിൽ പുല്ല് വളർന്നു
പമ്പാനദിയിൽ പെരുന്തേനരുവി മുതൽ പെരുനാട് വരെയുള്ള ഭാഗത്ത് നിറയെ പുല്ല് വളർന്നുനിൽക്കുകയാണ് .പ്രളയത്തിന് ശേഷം വലിയ രൂപമാറ്റവും പമ്പാനദിക്കുണ്ടായിട്ടുണ്ട് . മുമ്പ് കുഴികൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ വൻതോതിൽ മണ്ണടിയുകയും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തു . അതിനാൽ തന്നെ മുങ്ങി മരണങ്ങളുടെ എണ്ണവും പ്രളയ ശേഷം കൂടി . നദിയെ ആശ്രയിച്ചാണ് മലയോരവാസികൾ കഴിയുന്നത് . ഇപ്പോൾ കുളിക്കുവാനും കുടിക്കുവാനും നദിയിലെ വെള്ളം വില കൊടുത്ത് വാങ്ങുകയാണ്. കഴിഞ്ഞകാലങ്ങളിൽ നിന്ന് വേനൽമഴയുടെ കുറവും പമ്പാനദിയിലെ ജലനിരപ്പ് താഴുവാൻ ഇടയാക്കി . ജലവിതരണ പദ്ധതികളിൽ വെള്ളം ലഭിക്കുവാൻ വൈകുന്നേരങ്ങളിൽ ഡാം തുറക്കുമ്പോഴാണ് നദിയിൽ വെള്ളമൊഴുക്ക് ഉണ്ടാകുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |