തൃശൂർ: 'നവംബർ, ഡിസംബർ മാസങ്ങളിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഡ്രസ് റിഹേഴ്‌സലാണ്. 2026ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ജയിക്കണം, ഈ ഇടതുസർക്കാർ തുടരണം. മൂന്നാം ഊഴമാകണം നമ്മുടെ ലക്ഷ്യം.' വാക്കുകൾ കൊണ്ട് പ്രവർത്തകരെ ആവേശത്തിലാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാർച്ച് 23 മുതൽ ഏപ്രിൽ 14 വരെ നടക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ തൃശൂരിൽ നടന്ന സി.പി.ഐ ജില്ലാതല കൺവെൻഷൻ തദ്ദേശ തിരഞ്ഞെടുപ്പിനും അസംബ്ലി തിരഞ്ഞെടുപ്പിനും അണികളെ ഒരുക്കാനുള്ള കേളികൊട്ടായി.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിലെത്തിയതിന്റെ 68ാം വാർഷികദിനം കൂടിയായ ഇന്നലെ തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിലെ സദസും വേദിയും പ്രൗഡഗംഭീരമായി. 'കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പ് ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെങ്കിലും ആദ്യമന്ത്രിസഭയെ നയിച്ച ഇ.എം.എസിനെ വിസ്മരിക്കാനാകില്ല. സംസ്ഥാനത്ത് ഇന്നേവരെയുണ്ടായതിൽ ഏറ്റവും വിപ്ലവകരമായ തീരുമാനം ഭൂപരിഷ്‌കരണം. അതിനെല്ലാം തുടക്കമിട്ടത് തൃശൂരിലെ വിവിധ യോഗങ്ങളും തൃശൂരുകാരനായ സി. അച്ചുതമേനോനും ആയിരുന്നു'വെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. ചരിത്രത്തെയും സത്യത്തെയും ഫാസിസ്റ്റുകൾ ബലാത്സംഗം ചെയ്യുമ്പോൾ ഓരോ പാർട്ടി പ്രവർത്തകനും പോരാട്ടത്തിന് സജ്ജരാകണമെന്നും ബിനോയ് പറഞ്ഞു.
അന്തസും പോരാട്ടവഴിയും
പാർട്ടിയുടെ അന്തസും പോരാട്ടവഴിയും വീര്യവും വെളിവാക്കിയായിരുന്നു ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ തൃശൂരിൽ നടന്ന സി.പി.ഐ ജില്ലാതല കൺവെൻഷനിൽ നേതാക്കളുടെയെല്ലാം പ്രസംഗം.
തിരഞ്ഞെടുപ്പുകളിൽ പയറ്റേണ്ട തന്ത്രവും സർവേയും എസ്. ജോർജ് കുട്ടി പ്രവർത്തകർക്കായി വിശദീകരിച്ചു. ചടങ്ങിൽ ദേശീയ നിർവാഹക സമിതി അംഗം കെ. പ്രകാശ് ബാബു അദ്ധ്യക്ഷനായി.ദേശീയ എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, പി. സന്തോഷ് കുമാർ എം.പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി. സുനീർ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, റവന്യൂ മന്ത്രി കെ. രാജൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, കൃഷിമന്ത്രി പി. പ്രസാദ്, പന്ന്യൻ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |