തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിച്ചാൽ നോക്കിയിരിക്കില്ലെന്നും അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തെറ്റും ശരിയും അവർ തീരുമാനിക്കട്ടെ. മാർച്ച് 23 മുതൽ ഏപ്രിൽ 14 വരെ നടക്കുന്ന സി.പി.ഐ ദേശീയ ക്യാമ്പയിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ജില്ലാതല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.യു.സി.ഐ എന്ന ഇടതുഗ്രൂപ്പിന്റെ പിന്തുണയോടെ തുടങ്ങിയ ആശാ പ്രവർത്തകരുടെ സമരത്തെ ഇപ്പോൾ വലതുപക്ഷ ബുദ്ധിയാണ് നയിക്കുന്നത്. ഇടതുസർക്കാരിനെ തോൽപ്പിച്ച് വലതുപക്ഷത്തിന് നേട്ടമുണ്ടാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെയുള്ളവർ ആശാ പ്രവർത്തകരെ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബു അദ്ധ്യക്ഷനായി. ബിനോയ് വിശ്വം എഴുതിയ 'നമ്മുടെ ആശയലോകം വലുതാണ്' എന്ന പുസ്തകം എം.ബി.സന്തോഷ് കുമാർ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |