മധുര: പാലോളി മുഹമ്മദ്കുട്ടി പ്രായത്തിന്റെ പരാധീനതകൾ മറന്ന് 94-ാം വയസിലും പെരിന്തൽമണ്ണയിൽ നിന്ന് മധുര വരെയെത്തിയത് പാർട്ടിയോടുള്ള പ്രണയത്താൽ. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാണ്. പാർട്ടി പ്രാദേശിക പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കും. വലിയ ആൾക്കൂട്ടമൊക്കെ എത്തുന്ന പരിപാടികളിൽ നിന്ന് മാത്രം വിട്ടു നിൽക്കും.
ദൂരയാത്രകളിൽ സഹായത്തിനെത്താറുള്ള ഷാനവാസിനൊപ്പം ഏപ്രിൽ ഒന്നിന് ഉച്ചയോടെയാണ് മധുരയിലെത്തിയത്. ഇഷ്ടാനുസരണം വിശ്രമത്തിനുള്ള സൗകര്യം കണക്കിലെടുത്ത് കാറിലാണ് വന്നത്. ഒപ്പം മലപ്പുറത്തു നിന്നുതന്നെയുള്ള രണ്ട് സഖാക്കളുമുണ്ട്. 1972ൽ ഇതേ മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് ആദ്യം പങ്കെടുത്തത്. പിന്നീട് ഇങ്ങോട്ടുള്ള എല്ലാ പാർട്ടി കോൺഗ്രസുകളിലും പ്രതിനിധിയായിരുന്നു.
മലപ്പുറത്തിനടുത്ത് കോഡൂരിൽ കർഷക കുടുംബത്തിലെ അംഗമായി 1931 നവംബർ 11ന് ജനിച്ച പാലോളി ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. കുറച്ചു നാളത്തെ സേവനത്തിന് ശേഷം തിരികെയെത്തിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായത്. 15 വർഷം കർഷക സംഘം പ്രസിഡന്റുമായിരുന്നു.
1965ൽ മങ്കട നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ കൂടാത്തതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല. പിന്നീട് 67ലും 1996, 2006ലും നിയമസഭാംഗമായി. 1996 മുതൽ 2001 വരെ ഇ.കെ.നയനാർ മന്ത്രിസഭയിലും 2006 മുതൽ 2011 വരെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലും അംഗമായി. 2001 മുതൽ 2006 വരെ എൽ.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചു. പെരിന്തൽമണ്ണ ആര്യൻപാവിൽ ഭാര്യ ഖദീജയ്ക്കൊപ്പം താമസം. രണ്ട് ആൺമക്കളും ഇതിനടുത്തായി താമസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |