കൊച്ചി: വെള്ളൂക്കുന്നേൽ കുര്യൻ ജേക്കബിന് 75ാം വയസിലും നീന്തൽ ആവേശമാണ്. ജന്മനാടായ കോട്ടയം തിടനാടിലെ പന്നിക്കാടൻ തോട്ടിലാണ് കുട്ടിക്കാലം മുതൽ കുര്യൻ നീന്തൽ പഠിച്ചത്. വിരമിക്കൽ പ്രായം കഴിഞ്ഞും നീണ്ടുപോയ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോൾ ഫിറ്റ്നെസിനായി തിരഞ്ഞെടുത്തതും നീന്തൽക്കുളം തന്നെ.
പാൻ അമേരിക്കൻ,യൂറോപ്യൻ മാസ്റ്രേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പുകളിലടക്കം നൂറിലധികം മെഡലുകൾ ചുരുങ്ങിയ കാലത്തിനിടെ സ്വന്തമാക്കി. ഫെഡറൽ ബാങ്കിൽ ജോലി തുടങ്ങിയ കുര്യൻ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്,നാഷണൽ ബാങ്ക് ഒഫ് കുവൈറ്റ്,ഗൾഫ് ബാങ്ക് ഒഫ് കുവൈറ്റ് എന്നിവിടങ്ങളിലും ഉന്നതപദവികളിലിരുന്നു. ക്രെഡിറ്റ് കാർഡ് ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചതിലും പങ്കുവഹിച്ചു. 2017ൽ കൊച്ചി തേവരയിലെ 'ഉപരികമാളിക" അപ്പാർട്ട്മെന്റിൽ താമസമാക്കിയപ്പോഴാണ് നീന്തൽ വീണ്ടും സജീവമാക്കിയത്. അപ്പാർട്ട്മെന്റിലെയും കൊച്ചി യാട്ട് ക്ലബിലെയും സ്വമ്മിംഗ് പൂളുകളിൽ പരിശീലനം തുടങ്ങി. യൂട്യൂബ് വീഡിയോകളായിരുന്നു ഗുരു.
അഞ്ചുവർഷം മുമ്പ് മത്സരത്തിനിറങ്ങിയപ്പോൾ മാസ്റ്റേഴ്സ് താരങ്ങളായ സുഹൃത്തുക്കൾ പ്രചോദനമായി. സംസ്ഥാനതലത്തിൽ മെഡലുകൾ കിട്ടി. 2019ലെ ബറോഡ ദേശീയ ചാമ്പ്യൻഷിപ്പിൽ നിരാശയായിരുന്നു ഫലം. ഇതോടെ വാശിയായി. കഴിഞ്ഞവർഷം ഹൈദരാബാദിലും ഇത്തവണ ചണ്ഡിഗറിലും ദേശീയ ചാമ്പ്യൻഷിപ്പുകളിൽ 5 സ്വർണം വീതം നേടി. 100,200,400 മീറ്റർ ഫ്രീസ്റ്റൈലും ബ്രെസ്റ്റ്സ്ട്രോക്കുമാണ് ഇനങ്ങൾ. റിലേയിലും പങ്കെടുക്കുന്നുണ്ട്. 2024ൽ അമേരിക്കയിലെ ക്ലീവ്‌ലൻഡിൽ നടന്ന പാൻ അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമടക്കം 4 മെഡലുകൾ. 2023ൽ ഫിൻലൻഡിൽ യൂറോപ്യൻ മാസ്റ്റേഴ്സിൽ 5 വെള്ളി നേടി. അദ്ധ്യാപികയായ ഭാര്യ സുനുകുര്യൻ മത്സരവേദികളിൽ കൂടെയുണ്ടാകും. അനുവും നിഷയും മക്കളാണ്.
അടുത്ത ദൗത്യം
മൂന്നു കിലോമീറ്റർ
തായ്‌വാനിൽ മേയ് 18ന് ആരംഭിക്കുന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമാണ് സ്വപ്നം.
ഇതോടനുബന്ധിച്ച് ബ്രീസ് കനാലിൽ മൂന്നു കിലോമീറ്റർ മത്സരത്തിലും മാറ്റുരയ്‌ക്കും.
ചിട്ടകൾ കർശനം
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന്റെ വക്താവാണ്. 20 മണിക്കൂർ ഇടവേളകളിലാണ്
ഭക്ഷണം. പ്രകൃതിദത്ത പാനീയങ്ങളുടെ കൂട്ടുകളും പരീക്ഷിക്കും.
ജോലിയിലാകാം,ജീവിതത്തിൽ റിട്ടയർ ചെയ്യരുത്.
പ്രവർത്തിച്ചുകൊണ്ടേയിരിക്കണം.
-കുര്യൻ ജേക്കബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |