തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും തോന്നിയതുപോലെ വില കൂട്ടുന്നത് തടയാനും ഭക്ഷണ വില നിയന്ത്രണ നിയമം കൊണ്ടുവരും. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ബില്ലിന്റെ കരട് നിയമവകുപ്പിന്റെ പരിഗണനയിലാണ്.
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ബില്ലിന് അന്തിമരൂപം നൽകണമെന്നാണ് മന്ത്രി ജി.ആർ.അനിൽ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. അതിനുമുമ്പ് ഹോട്ടൽ/ റസ്റ്റോറന്റ് സംഘടനകളുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തും.
വില നിയന്ത്രണത്തിന് നടപടിയുണ്ടാകുമെന്ന് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ വാഗ്ദാനംചെയ്തിരുന്നു. നിലവിൽ ഹോട്ടലുകൾക്ക് തോന്നുന്നതുപോലെ വില വർദ്ധിപ്പിക്കാനാകും.
നിയമത്തിലൂടെ ഭക്ഷണ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. അനൂപ് ജേക്കബ് ഭക്ഷ്യമന്ത്രിയായിരിക്കെ, ഭക്ഷണ വിലനിയന്ത്ര ബിൽ തയ്യാറാക്കിയിരുന്നു. തൊട്ടടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെ ബിൽ അട്ടിമറിക്കപ്പെട്ടു. ബിൽ അവതരിപ്പിക്കുമെന്ന് പിന്നീട് പലവട്ടം സൂചിപ്പിച്ചെങ്കിലും അതുണ്ടായില്ല.
വില നിയന്ത്രിക്കാൻ സമിതി;
സാധനവിലയ്ക്കനുസരിച്ച് മാറ്റം
വില നിർണ്ണയിക്കാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികളുണ്ടാകും.സിവിൽ സപ്ലൈസ് കമ്മിഷണറായിരിക്കും സംസ്ഥാനതല സമിതി അദ്ധ്യക്ഷൻ.
ജില്ലാതലത്തിൽ കളക്ടർ അദ്ധ്യക്ഷനാകും. ഉപഭോക്തൃ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ ജനപ്രതിനിധികളേയും ഉൾപ്പെടുത്തും
ഒരിക്കൽ നിശ്ചയിക്കുന്ന വില കുറഞ്ഞത് മൂന്നു മാസം തുടരും. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയുടെ വിലയനുസരിച്ച് ഭക്ഷ്യവില കൂടുകയും കുറയുകയും ചെയ്യും
സ്റ്റാർ ഹോട്ടൽ മുതൽ തട്ടുകട വരെ ഗ്രേഡ് തിരിച്ചാകും വില നിശ്ചയിക്കുക. നിയമം ലംഘിച്ചാൽ ഹോട്ടൽ ഉടമ പിഴയൊടുക്കാനും വ്യവസ്ഥ
എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ നടപ്പിലാക്കാൻ ബാക്കിയുള്ളത് ഭക്ഷണവില നിയന്ത്രണ ബിൽ മാത്രമാണ്. അതുകൂടി യാഥാർത്ഥ്യമാക്കാനാണ് ശ്രമം
-ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |