കൊച്ചി: വിദേശ നാണയ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ച് ശ്രീഗോകുലം ഗ്രൂപ്പ് സമാഹരിച്ചത് 592.54 കോടി രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഇതിൽ 371.80 കോടി രൂപ പണവും 220.74 കോടി രൂപയുടെ ചെക്കുമാണ്. ഫെമയും ആർ.ബി.ഐ ചട്ടങ്ങളും ലംഘിച്ച് വിദേശത്തുള്ള നിക്ഷേപകർക്ക് ഇതിലേറെയും പണമായി കൈമാറിയെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചെയർമാൻ ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോടും ചെന്നൈയിലെ രണ്ട് ഓഫീസുകളിലും നടന്ന പരിശോധനയിൽ ഒന്നരക്കോടി രൂപയും നിരവധി രേഖകളും കണ്ടെടുത്തിരുന്നു. റിസർവ് ബാങ്ക് അനുമതിയില്ലാതെ വിദേശത്ത് നിന്ന് ചിട്ടി നിക്ഷേപം സ്വീകരിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഗോകുലം ഗോപാലനെ ചെന്നൈയിൽ വിളിച്ചുവരുത്തി ഇ.ഡി മണിക്കൂറുകൾ ചോദ്യംചെയ്ത് രാത്രിയാണ് വിട്ടയച്ചത്. 2022 ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ 3 മാസമായി നിരീക്ഷണത്തിലായിരുന്നുവെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |