വേദിയിൽ സുരേഷ് ഗോപിയെ ട്രോളി നടൻ ടിനി ടോം. ജബൽപൂർ വിഷയത്തിൽ പ്രതികരണം ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് 'നിങ്ങളാരാ' എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തെയാണ് ടിനി ടോം പരിഹസിച്ചത്. 'തൃശൂർ വേണം, അതെനിക്ക് തരണം എന്നുപറഞ്ഞ് കൊണ്ടിരുന്നയാൾ ഇപ്പോൾ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നത്. മാദ്ധ്യമമോ? എനിക്ക് ജനങ്ങളോടുമാത്രമേ സംസാരിക്കാൻ ഉള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്'- എന്നായിരുന്നു ടിനി ടോം പറഞ്ഞത്. തൃശൂരിൽ ഒരു ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.
എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി ടോം രംഗത്തെത്തി. 'ഉദ്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്, ഇതാണ് സത്യം. സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും' എന്നാണ് ടിനി ടോം ചടങ്ങിന്റെ വീഡിയോ പങ്കുവച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. മുറിയിൽ ചെന്ന ശേഷം മാദ്ധ്യമപ്രവർത്തരെ ലോബിയിൽ നിന്ന് ഒഴിവാക്കാൻ ഗസ്റ്റ് ഹൗസ് മാനേജർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശം ഇവർ അറിയിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. വെള്ളിയാഴ്ച നെടുമ്പാശേരിയിൽ വച്ചാണ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |