SignIn
Kerala Kaumudi Online
Saturday, 26 July 2025 10.10 AM IST

ഇന്ന് ലോകാരോഗ്യ ദിനം; കാവലാളാകുന്നു,​ ഈ കുഞ്ഞന്മാർ

Increase Font Size Decrease Font Size Print Page
health

എൺപതുകളുടെ അവസാനം, മൈക്രോബയോളജി ക്ലാസിലെ എന്റെ ആദ്യ ദിവസം ഇന്നും ഓർമ്മയുണ്ട്. പ്രഗത്ഭനായ ആ അദ്ധ്യാപകന്റെ ആദ്യ വാക്കുകൾ ഇതായിരുന്നു: 'സൂക്ഷ്മജീവികളുടെ ശക്തിയെ ഒരിക്കലും വിലകുറച്ചു കാണരുത്!" സൂക്ഷ്മാണുക്കൾക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ എത്രത്തോളം സ്വാധീനിക്കാൻ ശക്തിയുണ്ടെന്ന് ആഗോളതലത്തിൽത്തന്നെ പകർച്ചരോഗങ്ങൾ നമുക്ക് കാണിച്ചുതന്നു. ആരോഗ്യം, സമ്പദ്‌വ്യവസ്ഥ,​ ജീവിതരീതി എന്നിവയിൽ സൂക്ഷ്മജീവികൾ എങ്ങനെയാണ് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത് എന്നതിന്റെ വിനീതമായൊരു ഓർമ്മപ്പെടുത്തലായിരുന്നു കൊവിഡ് കാലഘട്ടം.


നമ്മുടെ ആമാശയത്തിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾ (ഹ്യുമൻ ഗട്ട് മൈക്രോബയോമുകൾ)​ അസാധാരണമാംവിധം വിശാലവും സങ്കീർണവുമായ ഒരു ആവാസവ്യവസ്ഥയാണ്. 100 ട്രില്യണിലധികം (ഒന്നിനു ശേഷം 12 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഒരു ട്രില്യൺ) സൂക്ഷ്മാണുക്കൾ നമ്മുടെ കുടലിൽ വസിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമിയിൽ സൂക്ഷ്മജീവികളുടെ ഏറ്റവും വലിയ ആവാസ്ഥസ്ഥലമാണ് നമ്മുടെ ആമാശയമെന്ന് അർത്ഥം. ഈ സൂക്ഷ്മാണുക്കൾ ബാക്ടീരിയ, ഫംഗസ്, വൈറസുകൾ, പരാന്നഭോജികൾ എന്നിവയടങ്ങുന്ന ഒരു സങ്കീർണ സമൂഹമാണ്.

നമ്മുടെ ആരോഗ്യം നിലനിറുത്തുന്നതിൽ സൂക്ഷ്മാണുക്കൾക്ക് സുപ്രധാന പങ്കുണ്ട്. കുടലിലെ ബാക്ടീരിയാ ജീനുകളുടെ എണ്ണം മനുഷ്യജീനുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. മനുഷ്യ ജീനോമിൽ 20,000 മുതൽ 25,000 വരെ ജീനുകൾ അടങ്ങിയിരിക്കുമ്പോൾ, ഗട്ട് മൈക്രോബയോമിൽ ഏകദേശം മൂന്ന് ദശലക്ഷം വ്യത്യസ്ത ജീനുകളുണ്ട്! അവിശ്വസനീയമായ ഈ ജനിതക സമ്പത്ത്, മനുഷ്യശരീരവും ആമാശയ സൂക്ഷ്മാണുക്കളുടെ വൈവിദ്ധ്യമാർന്ന സമൂഹവും തമ്മിലുള്ള അഗാധമായ ബന്ധത്തെ അടിവരയിടുന്നു. ചില സൂക്ഷ്മാണുക്കൾ വായിലും അന്നനാളത്തിലും ആമാശയത്തിലും ചെറുകുടലിലും ഉണ്ടെങ്കിലും, ഭൂരിഭാഗവും വസിക്കുന്നത് വൻകുടലിലാണ്. വൻകുടലിലെ മിക്ക ബാക്ടീരിയകളും വായുരഹിതമാണ്. അതായത്, ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ അവ തഴച്ചുവളരുന്നു.

ട്രില്യൺ കണക്കിന് സൂക്ഷ്മാണുക്കളുടെ ആവാസ കേന്ദ്രമായ മനുഷ്യന്റെ കുടൽ, ബി വിറ്റാമിനുകളുടെ ഉത്പാദനത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. ചില ബാക്ടീരിയൽ ജനുസുകൾക്ക് എട്ട് ബി വിറ്റാമിനുകളും ഉത്പാദിപ്പിക്കുവാൻ കഴിവുണ്ട്. കൂടാതെ, നമ്മുടെ ദൈനംദിന ഉപഭോഗത്തിന്റെ 65 ശതമാനം ബി വിറ്റാമിനുകളും കുടൽ ബാക്ടീരിയകളുടെ സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്നു. അതിലുപരിയായി, ജീവകം കെ-യും കുടലിൽത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യ ശരീരത്തിലെ സന്ദേശവാഹിനി കെമിക്കൽ ആയ സെറോടോണിന്റെ ഏകദേശം 95 ശതമാനവും നമ്മുടെ കുടലിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മാനസികാവസ്ഥ, ഉറക്കം, ദഹനം, ഓക്കാനം. മുറിവുണക്കൽ, അസ്ഥികളുടെ ആരോഗ്യം, രക്തം കട്ടപിടിക്കൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന രാസഘടകമാണ് സെറോടോണിൻ.


ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ 80 ശതമാനവും നമ്മുടെ കുടലിലാണ്. അണുബാധകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിലും, വീക്കം നിയന്ത്രിക്കുന്നതിലും, രോഗപ്രതിരോധശേഷി നിലനിറുത്തുന്നതിലും കുടൽ വളരെ നിർണായകമാണ്. കുടലുമായി ബന്ധപ്പെട്ട ലിംഫോയിഡ് ടിഷ്യു രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു സുപ്രധാന കണികയാണ്. ദോഷകരമായ സൂക്ഷ്മാണുക്കളെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും ആവശ്യമായ ടി സെല്ലുകൾ, ബി കോശങ്ങൾ, ഡെൻഡ്രിറ്റിക് സെല്ലുകൾ എന്നിവ ഉൾപ്പെടെ വിവിധ രോഗപ്രതിരോധ കോശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


കുടലിലെ ആവാസവ്യവസ്ഥയുടെ അസന്തുലിതാവസ്ഥ 'ഡിസ്ബയോസിസ്" എന്നു വിളിക്കപ്പെടുന്നു. ഈ അസന്തുലിതാവസ്ഥ,​ അമിത മലവിസർജ്ജനം, അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, രോഗപ്രതിരോധ വൈകല്യങ്ങൾ, വാതം. ഓട്ടിസം, പാർക്കിൻസൺസ് രോഗം, വിഷാദരോഗം തുടങ്ങിയ ന്യൂറോളജിക്കൽ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്റിബയോട്ടിക്കുകൾ ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ ഫലപ്രദമാണെങ്കിലും, അവ നമ്മുടെ കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെയും ദോഷകരമായി ബാധിക്കും. വൈവിദ്ധ്യമാർന്ന ബാക്ടീരിയകളെ ലക്ഷ്യമിടുന്ന ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകൾക്ക് കുടലിലെ 30 ശതമാനം വരെ സ്പീഷിസുകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വേദനസംഹാരികൾക്ക് ദഹനനാളത്തെ പ്രകോപിപ്പിക്കുവാനും, കുടൽപ്പാളിക്ക് കേടുപാടുകൾ വരുത്തുവാനും,​ കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുവാനും ശക്തിയുണ്ട്. ആമാശയത്തിലെ അമ്ളസാന്നിദ്ധ്യം കുറയ്ക്കുന്ന അന്റാസിഡുകളും പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകളും ആമാശയത്തിലെ, പിഎച്ച് മാറ്റുകയും. നമ്മുടെ പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി,​ ഗുണകരമായ ബാക്ടീരിയകളെ കുറയ്ക്കുന്നതായും,​ ദോഷകാരികളായ ബാക്ടീരിയകളെ തഴച്ചു വളരാൻ സഹായിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ആന്റിഡിപ്രസന്റുകൾ സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയുടെ ഘടനയിൽ മാറ്റംവരുത്തിയേക്കാം. കോർട്ടികോസ്റ്റിറോയിഡുകൾ,​ രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തി,​ കുടൽ മൈക്രോബയോമിന്റെ അസന്തുലിതാവസ്ഥക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.


ഈ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് 'കുടൽസൗഹൃദ മരുന്നുകളുടെ ഉത്പാദനം (ഗട്ട് ന്യൂട്രാലിറ്റിക്കായുള്ള മരുന്ന് ഉത്പാദനം)​. പ്രിബയോട്ടിക്‌സോ പോസ്റ്റ് ബയോട്ടിക്‌സോ ഉൾപ്പെടുത്തിക്കൊണ്ട് കുടൽ സൗഹ്യദ മരുന്നുകൾ വികസിപ്പിക്കുന്നതാണ് പുതിയ രീതി. ചില ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ആന്റിബയോട്ടിക്കുകളും ആന്റിഡോട്ടും ചേർന്നുള്ള കുടൽ സൗഹൃദ മരുന്നുകളുടെ വികസന പാതയിലാണ്. ഈ പുതിയ ആശയം, ശരീരത്തിലെ സൂക്ഷ്മമാണു ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന ഒരു ചികിത്സാരീതിയിലേക്ക് ലോകത്തെ നയിക്കും.


ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ ചില പ്രശ്നങ്ങൾ രോഗാണുക്കളിലെ ആന്റിബയോട്ടിക് പ്രതിരോധം, ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ, കീമോതെറാപ്പി ചികിത്സ ഫലപ്രദമാകാത്ത സാഹചര്യം തുടങ്ങിയവയാണ്. ഇത്തരം ഭീഷണികൾ മറികടക്കുന്നതിനാണ് ഫാർമസ്യൂട്ടിക്കൽ മേഖല,​ മൈക്രോബയോം അടിസ്ഥാനമാക്കിയുള്ള മരുന്നു വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മൈക്രോബയോം അധിഷ്ഠിത ചികിത്സകൾ, രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനു പകരം ആരോഗ്യപ്രശ്നങ്ങളുടെ മൂലകാരണം അന്വേഷിക്കുന്നു. സൂക്ഷ്മാണുക്കൾക്ക് ആരോഗ്യ പരിചരണത്തിലുള്ള പ്രധാന പങ്ക് മനസിലാക്കിയ ശാസ്ത്രലോകം, മൈക്രോബയോം തെറാപ്യൂട്ടിക്സ് (Microbiome Therapeutics) എന്ന പുതിയ സഞ്ചാരപഥം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

നൂതന ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഗട്ട് മൈക്രോബിനെ കൃത്രിമപ്പെടുത്തുകയാണ് ഈ പുതിയ രീതി. ഇതിലൂടെ,​ നമ്മുടെ സൂക്ഷ്മജീവികളുടെ ഘടനയും പ്രവർത്തനവും മോഡുലേറ്റ് ചെയ്ത് മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന വിപ്ലവകരമായ ലക്ഷ്യത്തിലേക്ക് ശാസ്ത്രലോകം സഞ്ചരിക്കുന്ന. മൈക്രോബയോം അധിഷ്ഠിത ചികിത്സകൾക്കായുള്ള രണ്ട് സമീപകാല എഫ്.ഡി.എ (US FDA) അംഗീകാരങ്ങൾ (റെബിയോട്ട,​ VOWST) വലിയൊരു നാഴികക്കല്ലാണ്. 2023-ൽ 919.4 മില്യൺ ഡോളർ വിപണി മൂല്യത്തിനാണ് മൈക്രോബയോം തെറാപ്യൂട്ടിക് മാർക്കറ്റ് സാക്ഷ്യം വഹിച്ചത്. 2030-ഓടെ ഇത് 21.5 ബില്യൺ ഡോളറിന്റേതായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

പഴങ്കഞ്ഞിയും

തൈരും

രണ്ടായിരം വർഷം മുമ്പ് ഹിപ്പോക്രാറ്റസ് പറഞ്ഞു: എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് കുടലിൽ നിന്നാണ്! ആ പറഞ്ഞതിന്റെ അർത്ഥം നമുക്ക് പൂർണമായും മനസിലായത്,​ പിന്നീട് കുടലിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞതോടെയാണ്. പഴയ തലമുറയുടെ ഇഷ്ടഭോജനമായ പഴങ്കഞ്ഞി,​ ലാക്ടോബാസിലസ് ബാക്ടീരിയകളുടെയും വിറ്റാമിനുകളുടെയും ഒരു കലവറയാണ്, അതിലുപരി ഒരു പ്രോബയോട്ടിക്സുമാണ്. ലാക്ടോബാസിലസ് പോലുള്ള ലൈവ് ബാക്ടീരിയകൾ അടങ്ങിയ തൈര്,​ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ്.

അരി, ഉഴുന്ന്, തുടങ്ങിയ ചേരുവകളിൽ നിന്നുണ്ടാക്കുന്ന പുളിപ്പിച്ച പരമ്പരാഗത ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾക്കു പുറമേ മാങ്ങ, നാരങ്ങ, പച്ചമുളക് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന അച്ചാറുകളും രുചികരം മാത്രമല്ല,​പ്രോബയോട്ടിക്കുകളാൽ സമ്പുഷ്ടവുമാണ്. പ്രകൃതിദത്ത പോഷക ഗുണങ്ങളുള്ളവുയം ഫൈബർ അടങ്ങിയവയുമായ ഭക്ഷണങ്ങൾ (പ്രിബയോട്ടിക്സ്), പുളിപ്പിച്ച ഭക്ഷണങ്ങളും (പ്രോബയോട്ടിക്സ്), നിറമുള്ള പഴങ്ങളും പച്ചക്കറികളും (ആന്റി ഓക്സിഡന്റായി പ്രവർത്തിക്കാൻ കഴിവുള്ള)​ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുടലിന്റെ ആരോഗ്യവും പൊതുവായ ശരീരക്ഷേമവും തമ്മിലുള്ള ബന്ധം സമൂഹം കൂടുതൽ മനസിലാക്കുവാൻ തുടങ്ങിയതോടെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പ്രോബയോട്ടിക്സ്, പ്രിബയോട്ടിക്സ്, സിൻബയോട്ടിക്സ്, പോസ്റ്റ് ബയോട്ടിക്സ് എന്നീ നാല് പ്രധാന വിഭാഗങ്ങളിലുള്ള സപ്ലിമെന്റുകൾ ഉത്പ്പാദിപ്പിക്കുവാനും വിതരണം ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്.

(പ്രമുഖ ഫാർമസ്യൂട്ടിക്കൽ പ്രൊഫഷണൽ ആണ് ലേഖകൻ)​

TAGS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.