പുതിയ ബസ് ടെർമിനൽ നിർമ്മാണത്തിന് 3.19 കോടി രൂപ
നിർമ്മാണം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി
ബിൽഡിംഗിന്റെ നിർമ്മാണം പകുതിയോളം പൂർത്തിയായി
ഇരുവശങ്ങളിലുമായി ഒരേസമയം 32 ബസുകൾ നിർത്തിയിടാനാകും
പാലക്കാട്: യാത്രക്കാർക്കിരിക്കാൻ ഇരിപ്പിടമില്ലാതെയും നിലം പൊട്ടിപ്പൊളിഞ്ഞും തകർന്നു കിടക്കുകയാണ് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ്. സ്റ്റാൻഡിനകത്ത് നിർമ്മിക്കുന്ന പുതിയ ബസ് ടെർമിലിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണേൽ പാതിവഴിയിലും. 2021 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവർത്തികൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. മതിയായ ഇരിപ്പിടമില്ലാത്തതിനാൽ കടകൾക്ക് മുന്നിലുള്ള നടപ്പാതകളിലാണ് യാത്രക്കാർ മഴയും വെയിലും കൊള്ളാതിരിക്കാൻ കയറി നിൽക്കുന്നത്. ഉള്ള ഇരിപ്പിടങ്ങൾ കാലപ്പഴക്കം മൂലം പലതും തുരുമ്പെടുത്ത നിലയിലാണ്. പ്രായമായവരും കൈകുഞ്ഞുമായെത്തുന്ന അമ്മമാരും മിനിറ്റുകളോളം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്ന സ്ഥിതിയാണിപ്പോൾ.
ഇതിനേക്കാൾ ദയനീയമാണ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിനോടുചേർന്ന് സ്ഥാപിച്ച മുലയൂട്ടൽ മുറിയുടെ അവസ്ഥ. പകൽ പോലും ഇരുട്ടും ചൂടും. മുറിയിൽ ഫാൻ ഇല്ലത്തതു കൊണ്ട് തന്നെ ചൂടിൽ ഇരുന്നു വേണം കുഞ്ഞിന് പാൽ നൽകാൻ. പകൽ കടുത്ത ചൂടായതിനാൽ മുറി തുറന്നുവെക്കുന്നതും കുറവാണ്. കൂടാതെ മതിയായ ശൗചാലയ സൗകര്യവുമില്ല.
ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപയുടേതാണ് പദ്ധതി. നിലവിൽ ബിൽഡിംഗിന്റെ നിർമ്മാണം പകുതിയോളം പൂർത്തിയായിട്ടുണ്ട്. ഇരുവശങ്ങളിലുമായി ഒരേസമയം 32 ബസുകൾ നിർത്തിയിടാനുള്ള സൗകര്യമാണ് പുതിയ ടെർമിനലിലുള്ളത്. നിലവിലെ പ്രവൃത്തികൾ പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി ബസ് ടെർമിനൽ എത്രയും പെട്ടന്ന് പ്രവർത്തന സജ്ജമാക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
ബസുകൾ നിറുത്തിയിടാൻ മതിയായ സൗകര്യമില്ല
നിലവിൽ സ്റ്റാൻഡിലെ ബസ് ബേയിൽ 16 ബസുകൾ മാത്രം നിറുത്താനുള്ള സൗകര്യമാണുള്ളത്. ഇതുമൂലം സ്റ്റാൻഡിനകത്ത് ഇരുഭാഗത്തുമുള്ള റോഡിലാണ് ബസുകൾ നിറുത്തിയിടുന്നത്. ഇത് മറ്റു യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പുതിയ ടെർമിനൽ നിർമ്മാണം പൂർത്തിയായാൽ മാത്രമേ പരിഹാരമാകൂ.
മുലയൂട്ടൽ മുറിയുണ്ടായിട്ടും മതിയായ സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടാക്കുന്നുണ്ട്. അത്യാവശ്യ സമയത്ത് മുറി ഉപയോഗിക്കാൻ കഴിയുന്നില്ല.
നന്ദിനി, യാത്രക്കാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |