കൊല്ലം: വേനൽച്ചൂടിൽ നാടാകെ പൊള്ളുമ്പോൾ, ദാഹശമനത്തിന് ആശ്രയിച്ചിരുന്ന ചെറുനാരങ്ങ വില കുതിച്ചുർന്നു. കിലോയ്ക്ക് 55 രൂപയായിരുന്ന നാരങ്ങയ്ക്ക് നിലവിൽ 85 രൂപയാണ് മൊത്തക്കച്ചവട വില. നാരങ്ങാവെള്ളത്തിന്റെ വിലയും കൂടി. സാധാരണ നാരങ്ങാ വെള്ളത്തിന് 20 ആയിരുന്ന സ്ഥാനത്ത് 25 രൂപയാണ് ഇപ്പോൾ കടക്കാർ വാങ്ങുന്നത്. സോഡാ നാരങ്ങാ വെള്ളത്തിന് 30 രൂപ വരെ വാങ്ങുന്ന കടക്കാരുമുണ്ട്.
65 മുതൽ 85 രൂപ വരെയാണ് ഇപ്പോൾ മൊത്തവില. ചെറുകിട കച്ചവടക്കാർ വിൽക്കുന്നത് 100 മുതൽ 150 രൂപയ്ക്കാണ്. പത്ത് രൂപയ്ക്ക് ഒരു നാരങ്ങ മാത്രം കിട്ടുന്ന സ്ഥിതിയാണിപ്പോൾ. ചൂട് കൂടുന്ന സാഹചര്യത്തിൽ നാരങ്ങ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. ഇതിൽ കൂടുതലും കേടു സംഭവിച്ചവയായിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് നാരങ്ങ എത്തുന്നത്. കേരളത്തിലെ ചുരുക്കം ചില ജില്ലകളിൽ ചെറുനാരങ്ങ കൃഷി ഉണ്ടെങ്കിലും ഉല്പാദനം കുറവായതിനാൽ കൂടുതലായി ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്.
മൊത്ത വില കിലോയ്ക്ക്
ഒന്നാംതരം ₹85
രണ്ടാം തരം ₹65
കഴിഞ്ഞ മാസം
ഒന്നാംതരം₹55
രണ്ടാം തരം₹40
ചില്ലറവില്പന ₹100-150
നാടൻ നാരങ്ങ കിട്ടാനില്ല. വലിപ്പം കുറവായതുകൊണ്ട് ആവശ്യക്കാരും കുറവാണ്. കാലാവസ്ഥ വ്യതിയാനവും മഴയും ഉത്പാദനത്തിൽ കുറവുണ്ടാക്കി . വില ഉയർന്ന് നിൽക്കാനാണ് സാദ്ധ്യത.
നാരാങ്ങ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |