കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി ചിന്നക്കട മേൽപ്പാലത്തിന് സമീപത്തായി ഒരുങ്ങുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ (എം.എൽ.സി.പി) നിർമ്മാണം പൂർത്തിയായി. മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. വണ്ടികൾ കടത്തി വിടുന്നതിനുള്ള ഓട്ടോമാറ്റിക് ഗേറ്റും സ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ പെയിന്റിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. ഈ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി അടുത്തമാസത്തോടെ ടവർ റെയിൽവേക്ക് കൈമാറാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാണ കമ്പനി അധികൃതർ അറിയിച്ചു. അഞ്ച് നിലകളുള്ള എം.എൽ.സി.പിയിൽ ഒരേ സമയം 138 ഓളം കാറുകളും 260 ഓളം ബൈക്കുകളും പാർക്ക് ചെയ്യാം. നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം. കൂടുതൽ കാർ പാർക്കിംഗ് ആവശ്യമാണെങ്കിൽ അത്യാധുനിക ലിഫ്ട് സംവിധാനമുള്ള പാർക്കിംഗ് സൗകര്യം ഒരുക്കും. ഇതിനായുള്ള അടിസ്ഥാന നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി.
പ്രധാന കെട്ടിടങ്ങളും പൂത്തിയാകുന്നു
പ്രധാന കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന അഞ്ച് നിലകൾ വീതമുള്ള ആറ് ബ്ലോക്ക് കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. മൂന്നാമത്തെ ബ്ലോക്കിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ബാക്കി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി നിലവിലുള്ള പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടം വരെ പൊളിച്ചു നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പ്രധാനകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ, വിശ്രമ കേന്ദ്രം തുടങ്ങിയവ റെയിൽവേ സ്റ്റേഷന് മുന്നിൽ സജ്ജമാക്കിയ താത്കാലിക ഷെഡുകളിലാണ് പ്രവർത്തിക്കുന്നത്. സബ് സ്റ്റേഷൻ ബിൽഡിംഗ് നിർമ്മാണവും പാർസൽ ബിൽഡിംഗ് നിർമ്മാണവും പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പദ്ധതി ചെലവ് ₹ 361.18 കോടി
കരാർ നൽകിയത് - 2022 ൽ
നിർമ്മാണം പൂർത്തിയാക്കേണ്ടത് - 2026 ജനുവരി 26ന്
എയർപോർട്ടിന് സമാനമായ സൗകര്യങ്ങളോടെ എയർ കോൺകോഴ്സ് നിർമ്മാണവും പുരോഗമിക്കുകയാണ്. 36 മീറ്റർ വീതിയിൽ തെക്കും വടക്കുമുള്ള രണ്ട് ടെർമിനലുകളെ ബന്ധിപ്പിക്കുന്നതാണ് കോൺകോഴ്‌സ്. റസ്റ്റോറന്റുകൾ, ഷോപ്പിംഗ് കോംപ്ലക്‌സ്, വിശ്രമ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |