തിരുവനന്തപുരം: എൻ.എച്ച് 66ൽ കോവളം മുതൽ കഴക്കൂട്ടം വരെയുള്ള യാത്രയ്ക്കായി ഇപ്പോൾ,സാധാരണ വേണ്ടി വരുന്നതിനെക്കാൾ 20 മുതൽ 30 മിനിട്ടു വരെയെടുക്കും.ഈഞ്ചയ്ക്കൽ,കുമരിച്ചന്ത ഫ്ലൈഓവറുകളുടെ നിർമ്മാണം നടക്കുന്നതാണ് കാരണം. എന്നാൽ അതൊന്നും ഗൗനിക്കാതെയാണ് ഒന്നാം തീയതി മുതൽ തിരുവല്ലം ടോൾ പ്ലാസയിലെ നിരക്കുകൾ കുത്തനെ കൂട്ടിയത്. മൂന്ന് വർഷം മുൻപത്തെ നിരക്കുമായി താരതമ്യം ചെയ്താൽ ഇപ്പോഴുള്ളത് ഇരട്ടിയിലേറെ വർദ്ധനയാണ്.
കോവളം കഴിഞ്ഞ് വാഹനം 7 കിലോമീറ്റർ പിന്നിടുമ്പോൾത്തന്നെ കുമരിച്ചന്തയായി. അവിടെ പകുതി റോഡിലൂടെയാണ് മുന്നോട്ടു പോകേണ്ടത്. മുട്ടത്തറ എത്തുമ്പോൾ സർവീസ് റോഡിലേക്ക് കടക്കണം. പിന്നെ അനന്തപുരി ആശുപത്രി വരെയുള്ള മൂന്ന് കിലോമീറ്റർ തിരക്കേറിയ സമയത്ത് വാഹനങ്ങൾ ഇഴഞ്ഞേ നീങ്ങൂ. ഈ വശത്തെ ഫ്ളൈഓവറും അടച്ചതിനാൽ കുരുക്കിപ്പോൾ ഇരട്ടിയാണ്. ചാക്കയിലെ സിഗ്നലിന് മുന്നിലും ഏറെ നേരം കാത്തിരുന്നാലേ ഫ്ളൈഓവറിലേക്ക് സർവീസ് റോഡിലൂടെ കടക്കാനാകൂ.
തിരിച്ചും ഇതുതന്നെയാണ് അവസ്ഥ. ചാക്ക മുതൽ മുട്ടത്തറ വരെ സർവീസ് റോഡിലൂടെ ഇഴഞ്ഞാണ് യാത്ര. തിരുവല്ലം വരെയുള്ള 10.7 കിലോമീറ്റർ യാത്രയിൽ മുട്ടത്തറ മുതൽ പരുത്തിക്കുഴി വരെയുള്ള 1.7 കിലോമീറ്റർ മാത്രമാണ് ബൈപ്പാസിലൂടെ വാഹനമോടിക്കാനാവുക.
ബൈപ്പാസിലൂടെ സുഗമമായ യാത്രയ്ക്കാണ് ടോൾ ഈടാക്കുന്നത്. എന്നാൽ യാത്ര ദുർഘടമായിട്ടും ടോൾ നിരക്ക് വർദ്ധിപ്പിക്കുകയായിരുന്നു. ഫ്ലൈഓവറുകളും എലവേറ്റഡ് ഹൈവേയുമൊക്കെയുള്ളതായിരുന്നു കാരണം.എന്നാൽ ഫ്ലൈഓവർ അടച്ചിട്ടുപോലും നിരക്കിൽ കുറവൊന്നുമില്ല.
ഇനിയും നിരക്ക് കൂടും
ഈഞ്ചയ്ക്കലിലേയും കുമരിച്ചന്തയിലേയും ഫ്ലൈഓവറുകൾ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോൾ ടോൾ നിരക്ക് വീണ്ടും കൂടും.
ടോൾ നിരക്കിലെ വർദ്ധന
വ്യക്തമാക്കുന്ന പട്ടിക
വാഹനങ്ങൾ നിരക്ക് 2022 ഏപ്രിൽ 1 ----- നിരക്ക് ഇപ്പോൾ
ബ്രാക്കറ്റിൽ ഇരുവശത്തേയും നിരക്ക്
കാർ, ജീപ്പ്, വാൻ----- 75 (115)------- 160 (240)
ചെറിയ ചരക്ക്, വാണിജ്യ വാഹനങ്ങൾ ---120 (185)----- 260 (390)
ഇരട്ട ആക്സിൽ വാഹനങ്ങൾ---- 255 (385)------- 545 (820)
മൂന്ന് ആക്സിൽ വാഹനങ്ങൾ ------ 280 (420)----- 595 (895)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |