കോഴിക്കോട്: അശ്രദ്ധയും കൂസലില്ലായ്മയും സ്റ്റേഷനുകളിലെ തിക്കും തിരക്കും കൂടിയായതോടെ റെയിൽ പാളങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ നാലുവർഷത്തിനിടെ ( 2021-2024) 1345 പേരാണ് പാലക്കാട് ഡിവിഷന്റെ കീഴിൽ മാത്രം മരണപ്പെട്ടത്. 1816 അപകടങ്ങളും 510 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023 ലാണ് കൂടുതൽ അപകടങ്ങൾ നടന്നത്. 541 അപകടങ്ങളുണ്ടായപ്പോൾ 387 പേർ മരണപ്പെടുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും മറ്റും ട്രെയിൻ യാത്രികരുടെ എണ്ണം കുത്തനെ വർദ്ധിച്ചിട്ടുണ്ട്. മരണങ്ങളിൽ കൂടുതലും തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ, ട്രെയിനിൽ ഓടിക്കയറൽ, നിർത്തുന്നതിന് മുമ്പ് ഇറങ്ങൽ, ഏതാനും മിനുട്ടുകൾ മാത്രം സ്‌റ്റോപ്പുളള സ്റ്റേഷനുകളിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങൽ, ഫൂട്‌ബോർഡിൽ ഇരുന്ന് യാത്ര ചെയ്യൽ എന്നിങ്ങനെ അപകടത്തിൽപെട്ടവരാണ്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി മരണപ്പെട്ടവരും റെയിൽവേ ലൈനുകളിൽ അപകടത്തിൽ പെടുന്നവരുടെ എണ്ണവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
പിടിച്ചാൽ ശിക്ഷ ഉറപ്പ്
ട്രെയിൻ വാതിൽ പടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുകയോ മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ അനധികൃതമായി പാളം മുറിച്ചുകടക്കുകയോ ചെയ്ത് പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. അനധികൃതമായി പാത മുറിച്ചു കടക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ഇതു ജനങ്ങൾ ചെവിക്കൊള്ളാറില്ല. വന്ദേ ഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ കടന്നു പോകുമ്പോൾ മറ്റുള്ള ട്രാക്കിലൂടെ ട്രെയിനുകൾ വരുന്നതു പോലും ശ്രദ്ധിക്കാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. റെയിൽവേ ലെെനുകളിൽ മരണപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ പലയിടങ്ങളിലും റെയിൽവേ ലൈനിനു കുറുകെയുള്ള സഞ്ചാരം വിലക്കി കൊണ്ട് വഴികൾ കെട്ടിയടച്ചെങ്കിലും ഫലപ്രദമല്ല. പലരും ഇത്തരം വഴികളിലൂടെ നുഴഞ്ഞ് യാത്ര ചെയ്യുന്നുണ്ട്. പാളത്തിന് സമീപം വീടുകളുള്ളവർ മിക്കപ്പോഴും പാളത്തിലൂടെയാണ് യാത്ര. മാത്രമല്ല പാളങ്ങളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നവരുമുണ്ട്. പാളത്തിലിരുന്ന് മദ്യപിച്ചാൽ 2000 വരെയാണ് പിഴ. കാട് മൂടിക്കിടക്കുന്ന പലയിടങ്ങളിലും പൊലീസിനോ റെയിൽവേക്കോ എത്തിപ്പെടാൻ സാധിക്കാത്തതും പ്രശ്നത്തിന് ആക്കം കൂട്ടുകയാണ്.
വർഷം- അപകടം- മരണം-പരിക്ക്
2024........489............385............121
2023........541.............387............160
2022........494.............342.............164
2021........292...............231............65
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |