പാരമ്പര്യത്തെ ഉൾക്കൊണ്ടുള്ള തലമുറ മാറ്റത്തിനാണ് മധുരയിൽ നടന്ന സി.പി.എമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് വേദിയായത്. ഇ.എം.എസിനു ശേഷം കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടതും പ്രായപരിധിയിൽ ഇളവു നൽകി പിണറായി വിജയനെ പി.ബിയിൽ നിലനിറുത്തിയതും പാർട്ടിയുടെ ഭാവി ദിശയെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ നൽകുന്നതാണ്. ദേശീയ തലത്തിൽ പാർട്ടി ശക്തിക്ഷയം നേരിടുമ്പോഴും കേരളത്തിൽ പാർട്ടിയുടെ അതിശക്തമായ സ്വാധീനത്തിന് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടില്ല. കേരളത്തിൽ തുടർഭരണം ഉറപ്പാക്കുന്ന തരത്തിലുള്ള അടുത്ത ഘട്ട വളർച്ചയിലേക്ക് തിരഞ്ഞെടുപ്പു വിജയം സാദ്ധ്യമാക്കുകയും, ദേശീയ തലത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുകയും ചെയ്യുക എന്ന ദൗത്യമാണ് പാർട്ടിയുടെ പുതിയ നേതൃത്വം വരും വർഷങ്ങളിൽ സാദ്ധ്യമാക്കേണ്ടത്.
പാർട്ടിയുടെ അടിസ്ഥാനപരമായ നിലപാടുകളിൽ വിട്ടുവീഴ്ച വരുത്താതെ പുതിയ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഇതെങ്ങനെ നടപ്പിൽ വരുത്താമെന്നതാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എം.എ. ബേബി എന്ന നേതാവിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി. വാഗ്ദാനങ്ങളും സ്വപ്നങ്ങളും വിറ്റ് ഇനിയുള്ള കാലം ഒരു പാർട്ടിക്കും നിലനിൽക്കാനാവില്ല. നാളെയിലല്ല, ഇന്നിൽത്തന്നെ ജീവിക്കാനാണ് ജനങ്ങൾ താത്‌പര്യപ്പെടുന്നതും ശ്രമിക്കുന്നതും. വികസന രംഗത്തും സാമൂഹ്യരംഗത്തും അടിമുടിയുള്ള മാറ്റങ്ങൾ പ്രവൃത്തിയിലൂടെ കൊണ്ടുവരാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള മതപരവും രാഷ്ട്രീയവുമായ വിവാദ വിഷയങ്ങളെ സംബന്ധിച്ച ചർച്ചകൾകൊണ്ടു മാത്രം ജനങ്ങളെ സ്വാധീനിക്കാനും ഒരുമിപ്പിക്കാനുമൊന്നും അധികകാലം ആർക്കും കഴിയില്ല.
കേരളത്തിൽ എന്തെല്ലാം വിമർശനങ്ങൾക്ക് പാത്രമായാലും കാലത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും വലിയ സാങ്കേതിക മാറ്റങ്ങളും ജീവിത നിലവാരത്തിന്റെ ഉയർച്ചയും ഇടതുപക്ഷ സർക്കാരിന്റെ സംഭാവനയായിത്തന്നെ വിലയിരുത്തപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. സാമ്പത്തികമായ വളർച്ചയും വികസനവും ഉറപ്പാക്കാത്ത ഒരു രാഷ്ട്രീയ കക്ഷിക്കും ജനങ്ങളുടെ പിന്തുണ ലഭിക്കാത്ത സാഹചര്യമാണ് എവിടെയും നിലനിൽക്കുന്നത്. ബൗദ്ധികമായും പ്രായോഗികമായും സന്തുലിതമായ നയചാതുര്യം കൈമുതലായ രാഷ്ട്രീയ നേതാവായ ബേബിയിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. സംഘടനാപരമായും ഭരണപരമായുമുള്ള മണ്ഡലങ്ങളിൽ സ്ഥാനമാനങ്ങൾ വഹിച്ചപ്പോഴെല്ലാം പ്രവർത്തനങ്ങളിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ബേബിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമപ്പുറം പ്രസ്ഥാനത്തിന്റെ പൊതുനന്മയ്ക്കാണ് അദ്ദേഹം എന്നും പ്രാധാന്യം നൽകിയിട്ടുള്ളത്.
കൊല്ലത്ത് എസ്.എൻ. കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായി തുടങ്ങിയ ബേബി സി.പി.എമ്മിലെ ഏറ്റവും സമുന്നത പദവിയായ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയത് ആകസ്മികമാണെന്ന് പറയാനാവില്ല. അക്ഷീണമായ പ്രവർത്തനവും പാർട്ടി പ്രവർത്തകരോടും അല്ലാത്തവരോടും വലിപ്പചെറുപ്പമെന്യെ പുലർത്തിയ സമഭാവനയും, ഇടപെടലുകളും നിരന്തരമായ വായനയിലൂടെയും മനനത്തിലൂടെയും മൂർച്ച വരുത്തിയ പകത്വയാർന്ന ധിഷണയും, വിമർശനങ്ങളെപ്പോലും ചെറുപുഞ്ചിരിയോടെ ഉൾക്കൊള്ളാനുള്ള അചഞ്ചലമായ മനസ്ഥൈര്യവും, തിരുത്തേണ്ടതിനെതിരെ പ്രതികരിക്കാനുള്ള നിർഭയമായ നിലപാടുകളും, പാർട്ടിക്കപ്പുറമുള്ള മണ്ഡലങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും സഞ്ചരിക്കുമ്പോഴും പാർട്ടിക്കപ്പുറം വളരാതിരിക്കാനുള്ള ജാഗ്രതയുമെല്ലാം കൂടിച്ചേർന്ന ഒരു നേതാവിലേക്ക് അർഹിക്കുന്ന പദവി ഇപ്പോൾ വന്നെത്തുകയാണ് ചെയ്തത്.
എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും ദേശീയാദ്ധ്യക്ഷൻ, രണ്ടു തവണ രാജ്യസഭാംഗം, രണ്ടു തവണ എം.എൽ.എ, ഒരു തവണ മന്ത്രി എന്നീ നിലയിലൊക്കെ ബേബിയുടെ പ്രവർത്തനം വേറിട്ടതും വിലയുറ്റതുമായിരുന്നു. ദേശീയ തലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന ഈ ഘട്ടത്തിൽ ഏറ്റവും നല്ല നേതൃത്വം പാർട്ടിക്കു നൽകാനുള്ള പക്വതയും നയചാതുര്യവും കടന്നുവന്ന വഴികളിലൂടെ ആർജ്ജിച്ചിട്ടുള്ള ബേബി ബി.ജെ.പിയുടെ അപ്രമാദിത്വത്തിനെതിരെ ഏറ്റവും വിശാലമായ പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കുന്നതിൽ നിർണായകവും വിജയകരവുമായ പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കാം. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താവും ഇക്കാര്യങ്ങളിൽ നിലപാടുകൾ കൈക്കൊള്ളുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ തുടർഭരണം കിട്ടുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന്, സംശയമൊന്നും വേണ്ട; നിശ്ചയമായും ലഭിക്കുമെന്നല്ല ബേബി മറുപടി പറഞ്ഞത്. പാർട്ടിയും ഇടതുമുന്നണിയും നടത്തേണ്ട പ്രവർത്തനം നടത്തിയാൽ തുടർ ഭരണം കിട്ടുകതന്നെ ചെയ്യുമെന്നാണ് പറഞ്ഞത്. തുടർഭരണം കിട്ടാൻ പാർട്ടിയും സർക്കാരും എന്തിലൊക്കെയാണ് ഊന്നൽ നൽകേണ്ടത് എന്ന ശ്രദ്ധയിലേക്കാണ് അദ്ദേഹം വിരൽചൂണ്ടിയത്. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണത്തിന് പിണറായി വിജയൻ തന്നെ നേതൃത്വം വഹിക്കുമെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന വൈതരണികളെയും പ്രതിസന്ധികളെയും കൂടി സരളമായും സ്ഥൈര്യത്തോടെയും ഉല്ലംഘിച്ച് പാർട്ടിയെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ എം.എ. ബേബിക്കു കഴിയട്ടെ എന്ന് ആശംസിക്കാം.
ഇ.എം.എസിനു ശേഷം ജനറൽ സെക്രട്ടറി പദവിയിലെത്തിയ മലയാളി പ്രകാശ് കാരാട്ട് ആണെങ്കിലും അദ്ദേഹത്തിന്റെ ഘടകം ഡൽഹി സെന്ററായിരുന്നു. കേരള ഘടകത്തിൽ നിന്ന് ഈ പദവിയിലെത്തിയ രണ്ടാമത്തെ മലയാളി ബേബി തന്നെയാണ്. ഡൽഹി സെന്ററിലുള്ള മലയാളിയായ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജുകൃഷ്ണനും പി.ബിയിൽ പുതുതായെത്തി. ഇതോടെ മലയാളികളായ പി.ബി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയരുകയും ചെയ്തു.
നിലവിൽ പാർട്ടിയെ ബാധിച്ചിരിക്കുന്ന പല പോരായ്മകളും അതു തിരുത്താൻ വേണ്ട നിർദ്ദേശങ്ങളും മധുരയിൽ നടന്ന പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന വിധത്തിൽ എത്രത്തോളം നടപ്പിൽ വരുന്നു എന്നതിനെക്കൂടി ആശ്രയിച്ചാവും പാർട്ടിയുടെ മുന്നിലുള്ള ദിനങ്ങൾ ശോഭനമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |