
തിരുവനന്തപുരം: കമ്മ്യൂണിസത്തെ യൂറോപ്യൻ പ്രത്യയശാസ്ത്രമായി ചിലർ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. ഹിറ്റ്ലറെയും മുസ്സോളിനിയെയും മാതൃകയാക്കി അവിടെ ഫാസിസം എങ്ങനെ കെട്ടിപ്പടുക്കുന്നുവെന്ന് നോക്കിയവർ ഇന്ത്യയിൽ അതുപോലെ സൈനിക രീതിയിൽ സംഘടനയുണ്ടാക്കി. അവർ അപര വിദ്വേഷം പരത്തുന്നതിനൊപ്പം തെറ്റായ പ്രചരണം നടത്തുകയും ചെയ്യുന്നു.ഡോ. ചന്തവിള മുരളി രചിച്ച 'ലോക കമ്യൂണിസ്റ്റ് പത്രങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നീതിപൂർവമായ സമൂഹമാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. മനുഷ്യ സമൂഹത്തെ സമത്വത്തിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന ആശയം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് മുമ്പ് അയ്യാ വൈകുണ്ഠ സ്വാമികൾ മുന്നോട്ടു വച്ചിരുന്നു. എല്ലാവരും സമന്മാരാണെന്നും സ്ത്രീക്കും പുരുഷനും സമത്വമുണ്ടാകണമെന്നും സ്വാമികൾ ശഠിച്ചു. സ്വാമികൾ
ഉൾപ്പടെയുള്ളവരുടെ സാങ്കൽപിക സോഷ്യലിസത്തെ ശാസ്ത്രീയ സോഷ്യലിസമാക്കിയതാണ് മാർക്‌സിന്റെ നേട്ടമെന്നും ബേബി പറഞ്ഞു.
കേരള മീഡിയ അക്കാഡമിയുടെ പുതിയ ആസ്ഥാന മന്ദിരത്തിലെ ഒരു ബ്ലോക്കിനോ, ഓഡിറ്റോറിയത്തിനോ പി. ഗോവിന്ദപ്പിള്ളയുടെ പേര് നൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച അക്കാഡമി ചെയർമാൻ ആർ.എസ് ബാബു പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.മിനി സുകുമാർ ആദ്യ കോപ്പി സ്വീകരിച്ചു.. അക്കാഡമി സെക്രട്ടറി അരുൺ എസ്..എസ്, മാദ്ധ്യമ പ്രവർത്തക ആർ.പാർവ്വതി ദേവി, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീൺ എന്നിവർ സംസാരിച്ചു. ഡോ.ചന്തവിള മുരളി മറുപടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |