തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത് ലക്ഷങ്ങളുടെ ക്രമക്കേട്. ഫ്‌ളാറ്റ്, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നടപടി. കഴിഞ്ഞ മാസം സബ് രജിസ്ട്രാര്‍ അവധിയിലായിരിക്കുമ്പോള്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ചത്. ഏകദേശം 22.40 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതായാണ് പ്രാഥമിക വിവരം.
സബ് രജിസ്ട്രാര്‍ അവധിയായിരുന്ന സമയത്ത് ചുമതല ജൂനിയര്‍ സൂപ്രണ്ടിനായിരുന്നു. ഈ സമയത്ത് ഇയാള്‍ സ്വകാര്യ ഫ്‌ളാറ്റ് കമ്പനിയില്‍ നിന്ന് അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതിന് ഒരു ശതമാനം മാത്രം നികുതി ചുമത്തിക്കൊണ്ട് പതിപ്പിച്ചു നല്‍കിയെന്നാണ് ആക്ഷേപം. ചട്ടങ്ങള്‍ മറികടന്നായിരുന്നു ജൂനിയര്‍ സൂപ്രണ്ടിന്റെ നടപടി. കണക്കില്‍പ്പെടാത്ത 5,550 രൂപയും പരിശോധനയില്‍ കണ്ടെടുത്തു. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.
ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഈ ക്രമക്കേട് നടത്തിയതിലൂടെ ലക്ഷങ്ങളാണ് സര്‍ക്കാരിനും നഷ്ടമുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില ഭൂമിക്ക് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ വരുന്ന കഴക്കൂട്ടം മേഖല. മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി ഫ്‌ളാറ്റ് സമുച്ചയങ്ങളും വില്ല പ്രോജക്ടുകളും വാണിജ്യ കെട്ടിടങ്ങളും കഴക്കൂട്ടം സോണ്‍ കേന്ദ്രീകരിച്ച് നിര്‍മാണത്തിലുമാണ്. അതുകൊണ്ട് തന്നെ കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസ് കേന്ദ്രീകരിച്ച് കൂടുതല്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും വിജിലന്‍സ് സംഘം പരിശോധിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |