ആലപ്പുഴ :കെ.എ.എസ് ഒന്നാം റാങ്കുകാരനും
കാഴ്ചപരിമിതനുമായ ജില്ലാ അസിസ്റ്റന്റ് ഇൻഷ്വറൻസ് ഓഫീസർ എച്ച്.രൂപേഷിന് വേണ്ടി അധികൃതർ കണ്ടെത്തിയ ഓഫീസ്
സംവിധാനം ഏകാന്തതടവിന് തുല്യമെന്ന് ആക്ഷേപം. ഓഫീസിലേക്ക് മൂന്നുനില പടിക്കെട്ടുകൾ കയറാനുള്ള രൂപേഷിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന്, സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണമെന്ന് പൊതുഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു.
ജില്ലാ ഇൻഷ്വറൻസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചെറിയ മുറി വാടകയ്ക്കെടുക്കാനാണ് നീക്കം. പടിക്കെട്ടുകൾ കയറുന്നത് ഒഴിവാകുമെങ്കിലും, പ്രവൃത്തിസമയം മുഴുവൻ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കേണ്ടി വരുന്നത് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് പ്രവർത്തിച്ചിരുന്ന റവന്യു റിക്കവറി വകുപ്പിലേക്ക് മാറ്റിനിയമിക്കാനോ, ജി.എസ്.ടി, എൽ.എസ്.ജി.ഡി പോലുള്ള വകുപ്പുകളിൽ തസ്തിക സൃഷ്ടിക്കാനോ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കളക്ടറേറ്റിൽ സൗകര്യപ്രദമായി പ്രവർത്തിക്കാനാവും.
സാമൂഹ്യ പ്രവർത്തകൻ ചന്ദ്രദാസ് കേശവപിള്ള ഭിന്നശേഷി കമ്മിഷണർക്ക് പരാതി സമർപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
സർക്കാരിന് അധിക ചെലവ്
ജില്ലാ ഇൻഷ്വറൻസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 250 ചതുരശ്ര അടി സ്ഥലം രൂപേഷിന് ഇരിപ്പിടമൊരുക്കാൻ ലഭ്യമാണെന്നാണ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. 12,000 രൂപ പ്രതിമാസ വാടക സർക്കാർ നൽകണം. ഓഫീസ് അസിസ്റ്റന്റുമാരിൽ ഒരാളെ രൂപേഷിന് വായനാസഹായിയായി അനുവദിച്ചിട്ടുണ്ട്. ഈ ജീവനക്കാരന്റെ അഭാവത്തിൽ രൂപേഷ് ഒറ്റപ്പെടും. 250 സ്ക്വയർഫീറ്റ് സൗകര്യം താഴത്തെ മുറിക്ക് ലഭ്യമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
`ഒറ്റയ്ക്കിരിക്കേണ്ടി വരുമെന്ന ചിന്തയിൽ രാത്രിയിൽ മകന് ഉറങ്ങാൻ കഴിയുന്നില്ല'
- രൂപേഷിന്റെ മാതാപിതാക്കൾ
`കാഴ്ചയില്ലാത്ത ലോകത്ത് നിന്ന് ശബ്ദം കൂടി ഇല്ലാത്ത ലോകത്തേക്ക് രൂപേഷിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഏതറ്റം വരെയും പോരാടും'
- ചന്ദ്രദാസ് കേശവപിള്ള ,
സാമൂഹ്യ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |