തിരുവനന്തപുരം: കാട്ടാനകളടക്കം വന്യജീവികൾ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാൻ ഫെബ്രുവരി 12ന് വനംവകുപ്പ് പ്രഖ്യാപിച്ച കർമ്മ പദ്ധതികൾ പലതും ഫലപ്രദമായി നടപ്പാക്കുന്നില്ല. കാടിറങ്ങുന്ന വന്യജീവികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള
റിയൽ ടൈം മോണിറ്ററിംഗ്, ഏർലി വാണിംഗ് സിസ്റ്റം അടക്കം പാളി. വന്യജീവി ആക്രമണം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിൽ 400ലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളും നാലായിരത്തിലധികം ആളുകൾക്ക് എസ്.എം.എസ് ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് പരാതി.
പാലക്കാട് മുണ്ടൂരിൽ കഴിഞ്ഞ ദിവസം യുവാവിന്റെ ജീവനെടുത്ത കാട്ടാന രണ്ടു ദിവസമായി ജനവാസമേഖലയിൽ നിലയുറപ്പിച്ചിട്ടും മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനയെ തുരത്താനും നടപടിയെടുത്തില്ല. കാട്ടാനയുടെ ചിത്രം നീരീക്ഷണ ക്യാമറയിൽ പതിഞ്ഞതുമില്ല. അതേസമയം, വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതും വന്യജീവികൾക്കായി വനത്തിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതടക്കമുള്ള ചില നടപടികളിൽ പുരോഗതിയുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
പ്രഖ്യാപിച്ച പത്ത്
കർമ്മ പദ്ധതികൾ
റിയൽ ടൈം മോണിറ്ററിംഗ്- ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ നിരീക്ഷിച്ചുള്ള പ്രതിരോധ സംവിധാനം
പ്രൈമറി റെസ്‌പോൺസ് ടീം-തദ്ദേശീയരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സന്നദ്ധ പ്രതികരണ സേന
ട്രൈബൽ നോളജ്-വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പരമ്പരാഗത രീതികളുടെ വിവര ശേഖരണം
ബോണറ്റ് മക്വാക്വെ-കുരങ്ങു ശല്യം നിയന്ത്റിക്കാനുള്ള മാർഗം കണ്ടെത്തൽ. വൈൽഡ് പിഗ്- കാട്ടുപന്നികളുടെ ശല്യം നിയന്ത്റിക്കാനുള്ള നടപടികൾ
മിഷൻ നോളജ്: വന്യജീവി സംഘർഷത്തെക്കുറിച്ച് ശാസ്ത്രീയ പഠനം. സോളാർ ഫെൻസിംഗ്.
ഫുഡ് ഫോഡർ ആന്റ് വാട്ടർ
പാമ്പുകളെ പിടിക്കാനുള്ള സർപ്പ പദ്ധതി. ജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള സെൻസിറ്റൈസേഷൻ ടു പബ്ലിക്
വീഴ്ചയുണ്ടോയെന്ന്
പരിശോധിക്കും: മന്ത്രി
പാലക്കാട് മുണ്ടൂരിലുണ്ടായ കാട്ടാന ആക്രമണത്തിൽ വനംവകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. സോളാർവേലി പ്രവർത്തിച്ചില്ല, ഏർലി വാണിംഗ് സംവിധാനം വേണ്ടരീതിയിൽ ഉപയോഗിച്ചില്ല, പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ല തുടങ്ങിയ ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |