പത്തനംതിട്ട : ടൊയ്‌ലെറ്റ് ഉപയോഗിക്കാൻ നൽകാത്ത പമ്പുടമയ്ക്കെതിരെ 1,65,000 രൂപ പിഴയിട്ട് പത്തനംതിട്ട ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. ഹർജിക്കാരിക്ക് 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ചേർത്ത് 1,65,000 രൂപ എതിർകക്ഷി നൽകണം. ഏഴകുളം ഊരകത്ത് ഇല്ലംവീട്ടിൽ അദ്ധ്യാപികയായ സി.എൽ.ജയകുമാരി കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയ്‌ക്കെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്.
2024 മെയ് 8ന് രാത്രി 11ന് ആണ് പരാതിക്ക് ഇടയൊരുക്കിയ സംഭവം. കാസർകോട് നിന്ന് ഏഴംകുളത്തുള്ള വീട്ടിലേക്ക് ജയകുമാരി കാറിൽ വരവെ ഫാത്തിമ ഹന്നയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ കയറി പെട്രോൾ നിറച്ചശേഷം ടോയിലെറ്റ് സൗകര്യം അവശ്യപ്പെട്ടപ്പോൾ നിഷേധിക്കുകയായിരുന്നു. പൂട്ടിയിട്ട ടോയ്‌ലെറ്റ് തുറന്നുനൽകാൻ സ്റ്റാഫിനോട് ആവശ്യപ്പെട്ടപ്പോൾ പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശം ആണെന്നും പറയുകയുണ്ടായി. അദ്ധ്യാപിക തന്റെ അത്യാവശ്യം ബോദ്ധ്യപ്പെടുത്തിയിട്ടും ടോയ്‌ലെറ്റ് തുറക്കാൻ സ്റ്റാഫ് തയ്യാറായില്ല. അറിയിച്ചതനുസരിച്ച് പയ്യോളി സ്റ്റേഷനിലെ പൊലിസെത്തി ബലമായി ടോയ്‌ലെറ്റ് തുറക്കുകയായിരുന്നു. ജയകുമാരി പരാതി നൽകുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാത്രി നേരത്ത് പമ്പിൽ കയറി പെട്രോൾ നിറച്ചശേഷം ടോയ്‌ലെറ്റ് തുറന്നു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ഹർജികക്ഷിയെ അപമാനിക്കുകയും ടോയ്‌ലെറ്റ് തുറന്നു നൽകാൻ തയ്യാറാകാതെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് കമ്മിഷനിൽ ഹർജി ഫയൽ ചെയ്തത്.
ഹർജി ഫയലിൽ സ്വീകരിച്ച കമ്മിഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കുകയും ഇരുകക്ഷികളും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പെട്രോൾ പമ്പ് അനുവദിക്കുമ്പോൾ ടോയ്‌ലെറ്റ് സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നിരിക്കെ അതൊന്നും പാലിക്കാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ചു വരുന്നതെന്ന് കമ്മിഷൻ വിലയിരുത്തി. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |