വെള്ളറട: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ കരിക്കാമൻകോട് ശാഖ ഓഫീസിനുനേരെ ഞായറാഴ്ച രാത്രി പത്തരയോടുകൂടി 5 ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ 9 അംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശാഖ ഓഫീസിലും ഹാളിലും ജനൽപാളികൾ അടിച്ചു തകർക്കുകയും ഗ്ളാസുകൾ പൊട്ടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ശാഖ ഭാരവാഹികളും ശ്രീനാരായണ വിശ്വാസികളും സ്ഥലത്തെത്തിയതോടെ സംഘം ഓടിപ്പോയി. സ്ഥലത്തെ നിരവധികേസുകളിൽ പ്രതിയായ മുളകുപൊടി സുനിലിന്റെ നേതൃത്വത്തിലാണ് ശാഖ ഓഫീസിനുനേരെ ആക്രമണം നടത്തിയതെന്ന് ശാഖ ഭാരവാഹികൾ പൊലീസിനോട് പറഞ്ഞു. ശാഖ ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളറട സി.ഐ വി. പ്രസാദ് നെയ്യാറ്റിൻകര ഡിവൈ. എസ്.പി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. ഇതിനിടയിലാണ് ശാഖ പ്രസിഡന്റ് ബൈജുവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒന്നാം തിയതി മുള്ളിലവു ജംഗ്ഷനിൽ ഏതാനും പേർ ചേർന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുകയും ശാഖയെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ ഇടുകയും ചെയ്തിരുന്നതായി ശാഖ ഭാരവാഹികൾ പറഞ്ഞു. ആക്രമണ സ്ഥലത്തുനിന്നു രണ്ടു ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. വെട്ടുകത്തിയും വാളുമായാണ് അക്രമികൾ എത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. ശാഖ സെക്രട്ടറി ആലിക്കോട് മോഹനൻ, പ്രസിഡന്റ് ബൈജു, എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.
ഇന്ന് പ്രതിഷേധ യോഗവും പ്രകടനവും
അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5ന് കരിക്കാമൻകോട് ജംഗ്ഷനിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കരിക്കാമൻകോട് ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മുള്ളിലവുവിള ജംഗ്ഷനിൽ പ്രതിഷേധ യോഗവും പ്രകടനവും നടക്കും.എസ്.എൻ.ഡി.പി യോഗത്തിന്റെയും യൂണിയന്റെയും നേതാക്കൾ പങ്കെടുക്കുമെന്ന് ശാഖ ഭാരവാഹികൾ അറിയിച്ചു.
നടപടി സ്വീകരിക്കണമെന്ന് യൂണിയൻ
അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും സ്ഥലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാറും യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |