ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഈ മാസം 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെ. 13ന് രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണി ഒരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക. ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക.
പുലർച്ചെ രണ്ടരയോടെ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി ശ്രീലകവാതിൽ തുറന്ന് ശ്രീലകത്ത് പ്രവേശിച്ച ശേഷം കണിയൊരുക്കിയത് ആദ്യം ഗുരുവായൂരപ്പനെ കാണിക്കും. തുടർന്ന് അലങ്കാരത്തോടെ സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ച് വയ്ക്കും. മുന്നിൽ കണിക്കോപ്പും ഒരുക്കും. തുടർന്ന് ശ്രീലക വാതിൽ തുറക്കുന്നതോടെ കണി ദർശനത്തിനായി ഭക്തജന പ്രവാഹം തുടങ്ങും. ഒരു മണിക്കൂർ കണി ദർശനമുണ്ടാകും. വിഷു നാളിൽ ക്ഷേത്രത്തിൽ സമ്പൂർണ നെയ് വിളക്കായി വിളക്കാഘോഷം നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും. ക്ഷേത്രത്തിൽ വിഷു സദ്യയും ഉണ്ടാകും.
ഭക്തജന തിരക്ക്: 12 മുതൽ
20 വരെ ദർശനനിയന്ത്രണം
ഗുരുവായൂർ: വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കാനായി ഈ മാസം 12 മുതൽ 20 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ / വി.ഐ.പി ദർശനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |