പത്തനംതിട്ട : മനുഷ്യന്റെ ആരോഗ്യ പരിശോധന പോലെ മണ്ണിനുമുണ്ട് ആരോഗ്യവും പരിശോധനയും. മണ്ണിന്റെ മനസറിഞ്ഞ് കൃഷി ചെയ്തില്ലെങ്കിൽ നല്ല വിളവ് ലഭിക്കില്ല. മൂന്ന് വർഷത്തിലൊരിക്കൽ മണ്ണിന്റെ ആരോഗ്യം പരിശോധിക്കണമെന്നാണ് കേരള കാർഷിക സർവകലാശാലയുടെ നിർദേശം. മണ്ണ് പര്യവേക്ഷണ, സംരക്ഷണ വിഭാഗവും കൃഷി വകുപ്പുമാണ് മണ്ണിന്റെ ആരോഗ്യം ലാബുകളിൽ പരിശോധിക്കുന്നത്. ജില്ലയിൽ മല്ലപ്പള്ളിയിലെയും റാന്നിയിലെയും ഏതാനും പഞ്ചായത്തുകൾ ഒഴികെ മണ്ണ് പരിശോധന പൂർത്തിയായെന്ന് മണ്ണ് പര്യവേക്ഷണ വിഭാഗം അറിയിച്ചു. മണ്ണിനെ അറിയാം മൊബൈലിലൂടെ (മാം) എന്ന ആപ്പ് വഴിയാണ് പരിശോധന വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കി കർഷകർക്ക് മണ്ണാരോഗ്യ കാർഡ് നൽകുന്ന നടപടികൾക്ക് ജില്ലയിൽ തുടക്കമായി.
ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ കൃഷി സ്ഥലങ്ങളിലെത്തി മണ്ണ് പരിശോധിച്ച് കാർഡ് നൽകും. ഒരു പഞ്ചായത്തിൽ ശരാശരി നൂറ് കർഷകർക്ക് കാർഡ് ലഭിക്കും. കുറ്റൂർ, മൈലപ്ര, കോന്നി, പ്രമാടം, തണ്ണിത്തോട് പഞ്ചായത്തുകളിൽ കാർഡ് വിതരണം ആരംഭിച്ചു. കർഷകർ, കുടുംബശ്രീ, കൃഷി കർമസേനകൾ ശേഖരിക്കുന്ന മണ്ണ് പത്തനംതിട്ടയിലെ ലാബിൽ എത്തിച്ചാണ് പരിശോധന.
മണ്ണ് പരിശോധന എന്തിന് ?
മണ്ണിന്റെ ഫലപുഷ്ടി നിശ്ചയിക്കുന്ന മൂലകങ്ങളുടെ അളവ് ശാസ്ത്രീയമായി നിജപ്പെടുത്തും. കൃഷിയിടങ്ങളിൽ സമൃദ്ധമായ വിളവ് ലഭിക്കണമെങ്കിൽ മണ്ണ് ഫലപുഷ്ടിയുള്ളതും ഉദ്പാദന ക്ഷമതയുള്ളതുമായിരിക്കണം. ഉദ്പാദനക്ഷമത നിലനിറുത്തുന്നതിന് മണ്ണിൽ പോഷകമൂല്യങ്ങൾക്ക് പുറമേ ഘടന, ജൈവാംശം, അമ്ല, ക്ഷാരഗുണം എന്നിവയുടെ സന്തുലിതമായ അനുപാതം നിലനിറുത്തേണ്ടതുണ്ട്.
മണ്ണിന്റെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാതെ നടത്തുന്ന വളപ്രയോഗം ഉദ്ദേശിച്ച ഫലം ചെയ്യില്ല. പരിശോധനയ്ക്ക് ശേഷം നടത്തുന്ന വളപ്രയോഗം വിളവ് വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും.
പരിശോധിക്കുന്നവ : ജൈവ കാർബൺ, ഫോസ് ഫറസ്, പൊട്ടാസ്യം (പ്രഥമ മൂലകങ്ങൾ), കാൽസ്യം, മഗ്നീഷ്യം, സൾഫർ ( ദ്വിതീയ മൂലകങ്ങൾ), ഇരുമ്പ്, മാംഗനീസ്, നാകം, ചെമ്പ്, ബോറോൺ ( സൂക്ഷ്മമൂലകങ്ങൾ)
മണ്ണാരോഗ്യം കാർഡ് കർഷകർക്ക് പ്രയോജനപ്പെടും. മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വളം ചെയ്യുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കും.
വി.ജസ്റ്റിൻ, അസി. ഡയറക്ടർ, സോയിൽ സർവെ.
പത്തനംതിട്ട മണ്ണ് പരിശോധന ലാബിന് ദേശീയ അംഗീകാരം
മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ പത്തനംതിട്ടയിലെ ലാബിന് നാഷണൽ അക്രഡിറ്റേഷൻ ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടിയുടെ
(എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ചു. പത്തനംതിട്ട കോളേജ് റോഡിൽ മണ്ണിൽ റീജിയൻസിയിൽ ഒന്നാംനിലയിലാണ് ലാബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |