തൃശൂർ: മയക്കുമരുന്നിനെതിരെ വ്യാപക പ്രതിരോധം തീർക്കുമ്പോഴും മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള കിറ്റ് വാങ്ങാൻ എക്‌സൈസിന് പണമില്ല. കഴിഞ്ഞ സാമ്പത്തികവർഷം ആറ് ലക്ഷം മാത്രമാണ് കിറ്റ് വാങ്ങാൻ പ്ലാൻ ഫണ്ട് വഴി അനുവദിച്ചത്. ഒരു കിറ്റിന് 400 രൂപയോളമാണ് വില. ഈ കിറ്റ് ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താം. ഓരോ ജില്ലയ്ക്കും വളരെ കുറച്ച് കിറ്റാണ് നൽകുന്നത്.
കിറ്റ് ലഭ്യമാകുന്നതിന് അനുസരിച്ചാണ് പരിശോധന. തൃശൂരിൽ ഈ കിറ്റുകൾ ഉപയോഗിച്ച് ഓട്ടോ ഡ്രൈവർമാർക്കിടയിൽ പരിശോധന നടത്തിയപ്പോൾ പത്തിൽ നാലു പേരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയതായി പൊലീസ് ഓഫീസർമാർ പറഞ്ഞു. എന്നാൽ കിറ്റുകൾക്ക് നല്ല വിലയുള്ളതിനാൽ കൂടുതൽ അനുവദിക്കുന്നില്ല. ഇപ്പോൾ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം മാത്രമാണ് ആവശ്യത്തിനുള്ളത്. പൊലീസും കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. വല്ലപ്പോഴുമൊക്കെയേ കിറ്റുകൾ ലഭിക്കാറുള്ളൂവെന്ന് പൊലീസും വ്യക്തമാക്കി. എക്‌സൈസ് വകുപ്പിൽ ജില്ലാ ഡി അഡിക്ഷൻ സെന്ററുകളുടെ സൗകര്യം വർദ്ധിപ്പിക്കാനും ജീവനക്കാരുടെ വേതനം നൽകാനുമൊക്കെയായി 567.02 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. സ്‌കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ ശക്തിപ്പെടുത്താനായി 25 ലക്ഷം നൽകിയിട്ടുണ്ട്. കൂടാതെ ഉണർവ് പദ്ധതി നടപ്പാക്കുന്നതിന് 23.54 ലക്ഷവും പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നൽകി. വല്ലപ്പോഴും ഒരിക്കൽ പരിശോധന നടത്തിയാൽ വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് പദ്ധതികൾക്ക് ചെലവ് കുറച്ചാലും മയക്കുമരുന്ന് കണ്ടെത്താനുള്ള കിറ്റുകൾ കൂടുതൽ അനുവദിച്ചാലേ മയക്ക് മരുന്നുപയോഗം കുറയ്ക്കാനാകൂ.
ലഹരി ഉപയോഗം കൂടുതൽ
ബസ് ഡ്രൈവർമാർക്കിടയിൽ
മറ്റ് വാഹനങ്ങളിലെയും സ്വകാര്യ വാഹനങ്ങളിലെയും ഡ്രൈവർമാർക്കിടയിൽ
ലോറി ഡ്രൈവർമാർക്കിടയിൽ
പ്രതിവിധി
കൃത്യവും കർശനവുമായ പരിശോധനാ സംവിധാനങ്ങൾ
ലഹരി ഉപയോഗിക്കുന്നത് കണ്ടെത്താനുള്ള കിറ്റ് കൂടുതൽ നൽകി പരിശോധന വ്യാപകമാക്കണം
ഡ്രൈവർമാരെ പിടികൂടി ചോദ്യം ചെയ്താൽ ബസ് സ്റ്റാൻഡിലും മറ്റും ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും വിവരം കിട്ടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |