ചാലക്കുടി: ഇന്ന് ഏപ്രിൽ 8. പതിനൊന്ന് വർഷം മുമ്പ് ഇതേ ദിനമായിരുന്നു മേലൂരിലെ ജനങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ഭീകര സംഭവം നടന്നത്. പൂലാനി കുറുപ്പത്ത് ഇടയപ്പുറം സതീശന്റെ വീട്ടുപറമ്പിലെ ഉപയോഗമില്ലാതെ കിടന്ന കിണറ്റിൽ പുലി വീണു.
തലേദിവസം സന്ധ്യക്ക് സതീശന്റെ അമ്മ സതി വീട്ടുമുറ്റത്ത് കണ്ട് ഭയന്ന പുള്ളിപ്പുലി തന്നെയായിരുന്നു വെള്ളമില്ലാത്ത കിണറ്റിൽ കിടന്ന് അലറിയത്. വാർത്ത കാട്ടുതീ പോലെ പടർന്നു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ആളുകൾ സ്ഥലത്തേയ്ക്ക് കുതിച്ചു. പിന്നെ വനം വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ്, ജനപ്രതിനിധികൾ എന്നീ വിഭാഗങ്ങളുടെ രക്ഷാ ദൗത്യവും. നാല് തവണ മയക്കുവെടി, പത്ത് മണിക്കൂർ നീണ്ട ഭഗീരഥ പ്രയത്‌നം. ഒടുവിൽ പറമ്പിക്കുളം കാട്ടിലെത്തിച്ച് തുറന്നുവിട്ടു.
മയക്കു വെടിക്കുള്ള സിറിഞ്ച് തോക്കല്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കൽ ഉപകരണമുണ്ടായിരുന്നില്ല. അവരുടെ ചുമതല കൂടി ചാലക്കുടി ഫയർഫോഴ്‌സ് ഏറ്റെടുത്തു. ആൾമറയില്ലാതെ കിണറിന് കുറുകെ വച്ച കോണിയിൽ കമഴ്ന്നു കിടന്ന് ആക്ഷൻ ത്രില്ലർ സിനിമകളെ പിന്നിലാക്കി, അഗ്‌നിശമന വിഭാഗത്തിലെ എ.വി.രെജുവിന്റെ സാഹസിക പ്രകടനം. മയക്കാൻ തൊടുത്തുവിട്ട മൂന്ന് സിറിഞ്ചും ഏശാതെ വന്നപ്പോൾ കുടുക്കിലും വലയുമായി കപ്പിയിൽ മുകളിലെത്തിയ പുലിയെ കോണിയിൽ കിടന്ന് കൈകൊണ്ട് സിറിഞ്ച് കുത്തിയിറക്കി, മൃഗയ സിനിമയിലെ വാറുണ്ണിയെ പിന്നിലാക്കി. 2014 ലെ സംഭവം ഓർത്തെടുത്ത സതിക്കും മകൻ സതീശനും ഇന്നും നടുക്കം വിട്ടുമാറിയില്ല.
മൂന്നുമാസത്തെ ഭയം, തെരച്ചിൽ
പിന്നീട് ഗ്രാമവാസികൾ പകൽമാത്രം പുറത്തിറങ്ങുന്നത് ശീലമാക്കി. രാത്രികാലങ്ങളിൽ എവിടെ എന്തു കണ്ടാലും അതു പുലിയാണെന്ന സംശയമായി. മൂന്നിടത്ത് കൂടുകൾ സ്ഥാപിച്ചു. ക്യാമറ ട്രാപ്പും വച്ചു. ജന്തുശാസ്ത്ര വിഭാഗത്തിലെ പരിശീലന വിദ്യാർത്ഥികൾ ഡോ.അമിതാഭ് ബച്ചന്റെ നേതൃത്വത്തിൽ നിരീക്ഷണവും നാട്ടുകാർക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആഴ്ചകളും മാസങ്ങളും വേണ്ടിവന്നു.
പുലികൾക്ക് ഇഷ്ട ഭക്ഷണം നായ
കാട്ടിലെ മ്ലാവ് അടക്കമുള്ള മൃഗങ്ങളേക്കാൾ പുലികൾക്ക് പ്രിയം നായകളെയാണെന്ന് ജന്തുശാസ്ത്ര മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ആദിവാസി ഉന്നതിയിൽ ധാരാളം നായകളെ വളർത്തുന്നതിന്റെ ലക്ഷ്യം പുലിയുടെ നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്നും അവർക്ക് രക്ഷപ്പെടാനും കൂടിയാണത്രേ. നിബിഡ ഭാഗത്തേക്കാൾ നാടുമായി അതിർത്തി പങ്കിടുന്ന കാടുകളിലാണ് കൂടുതലും പുലികൾ തമ്പടിക്കാറെന്നും പറയുന്നു.
വനം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു പൂലാനിയിലേത്. തലേദിവസം പനങ്ങാട്ടുപറമ്പിൽ സ്മിത ആദ്യം പുലിയെ കണ്ടെന്ന് പറഞ്ഞതും ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുത്തില്ല. പുലിയുടെ കാൽപ്പാടും കണ്ടെത്താനായില്ല. രക്ഷാദൗത്യത്തിനിടെ ജനങ്ങൾ വനപാലകർക്ക് നേരെ തിരിഞ്ഞതും പൊലീസിന്റെ നിയന്ത്രണം പോലും അവതാളത്തിലായതും വലിയ കോലാഹലങ്ങൾക്ക് വഴിവച്ചു.
പി.പി.ബാബു
മുൻ പഞ്ചായത്ത് പ്രസിഡന്റ്
അഗ്‌നിശമന സേനാ വിഭാഗത്തിലെ രെജുവിന്റെ ധീരതയിൽ മറ്റൊരു പുലിയെ കീഴ്‌പ്പെടുത്തിയ കഥ നാളെ................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |