കൊച്ചി: ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ ചെയർമാൻ ഗോകുലം ഗോപാലനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഇന്നലെ കൊച്ചിയിൽ ആറു മണിക്കൂർ ചോദ്യം ചെയ്‌തു. കൃത്യമായ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു.
ഇ.ഡി ആവശ്യപ്പെട്ട പ്രകാരമാണ് ഉച്ചയ്‌ക്ക് ഒരുമണിയോടെ കൊച്ചി ഓഫീസിലെത്തിയത്. വൈകിട്ട് ഏഴോടെ പുറത്തുവന്നു. `അവർക്ക് അതിന് അധികാരമുണ്ട്. ചോദ്യങ്ങൾക്ക് മറുപടിയും നൽകി. അത് എന്റെ ചുമതലയാണ്
ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്.'- ഗോകുലം ഗോപാലൻ പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടാണോ വിളിപ്പിച്ചതെന്ന ചോദ്യത്തിന്, മറ്റു കാര്യങ്ങൾ പറയാനില്ലെന്നായിരുന്നു പ്രതികരണം.
കോഴിക്കോട്ടെയും ചെന്നൈയിലെയും ഓഫീസുകളിലും വീടുകളിലും വെള്ളിയാഴ്‌ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്ടായിരുന്ന ഗോപാലനെ ചെന്നൈയിലേക്ക് വിളിച്ച് ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ കൊച്ചിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‌തതിന്റെ വിവരങ്ങൾ ഇ.ഡി പുറത്തുവിട്ടിട്ടില്ല.
വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശത്തുനിന്ന് 592.54 കോടി രൂപ ഗോകുലം ഗ്രൂപ്പ് എത്തിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാണ് ചോദ്യം ചെയ്തതെന്ന് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |