മലപ്പുറം: കുറ്റകൃത്യത്തിലേർപ്പെട്ട കുട്ടികൾക്ക് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യമൊരുക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ കാവൽ പദ്ധതി വഴി ജില്ലയിൽ ഇതുവരെ സേവനം ലഭിച്ചത് 500ലധികം പേർക്ക്. 2018ലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ മാസം സേവനം ലഭിച്ചത് 207 പേർക്കാണ്. 21 വയസ് വരെയുള്ളവരാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. വിവിധ കുറ്റങ്ങളിൽ കുറ്റാരോപിതരായവർക്ക് കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം. ജില്ലയിൽ പ്രധാനമായും പോക്‌സോ കേസുമായി ബന്ധപ്പെട്ട കേസുകളിലുള്ളവരാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകുന്ന കുട്ടികൾക്ക് ഒബ്സർവേഷൻ ഹോമിലേയോ ചിൽഡ്രൻസ് ഹോമിലേയോ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകുകയും തുടർന്ന് ആവശ്യമെങ്കിൽ ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് അവരെയും പദ്ധതിയുടെ ഭാഗമാക്കും. കൗൺസിലിംഗിന് പുറമെ, വിദ്യാഭ്യാസം, ലൈഫ് സ്‌കിൽ, മാനസികാരോഗ്യ പിന്തുണ, തൊഴിൽ പരിശീലനം എന്നിവ സന്നദ്ധ സംഘടനകൾ വഴി ലഭ്യമാക്കും.
2018 വരെ കുറ്റകൃത്യത്തിലേർപ്പെട്ട കുട്ടികൾ വീണ്ടും ആവർത്തിക്കുന്ന പ്രവണത ആയിരുന്നു. എന്നാൽ, കാവൽ പദ്ധതി ആരംഭിച്ചതോടെ ഇത് മൂന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ട്. പലരിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതി വഴി സാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ സേവനങ്ങൾ നേടിയ ഒട്ടേറെ കുട്ടികൾ ഇന്ന് ഉപരിപഠനം നടത്തുകയും രാജ്യത്തിനകത്തും പുറത്തും മികച്ച വേതനത്തോടെ ജോലി ചെയ്തുവരുകയും ചെയ്യുന്നുണ്ട്
പി.ഫവാസ്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്
ഇതുവരെ സേവനം ലഭിച്ചത് - 500
മാർച്ചിൽ സേവനം ലഭിച്ചത് - 270
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |