തിരുവനന്തപുരം: ഇഷ്ടവരദായിനിയായ കരിക്കകത്തമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിച്ചു. ദിവസങ്ങളായി വ്രതം നോറ്റിരുന്ന ഭക്തർ ദേവിയുടെ നക്ഷത്രമായ മീനത്തിലെ മകം നാളിൽ ദർശനസായൂജ്യം നേടി.
ചൊവ്വാഴ്ച രാത്രി തങ്കരഥത്തിലുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ഇന്നലെ രാവിലെ 9.40ന് ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാരയടുപ്പിൽ തീ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.
ശ്രീകോവിലിൽ നിന്നുള്ള ദീപം വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പുറത്തേക്ക് കൊണ്ടുവന്നത്. കരിക്കകം ക്ഷേത്ര പരിസരത്തും വീടുകളിലും ദേവീമന്ത്രങ്ങളുയർന്നു. ഉച്ചയ്ക്ക് 2.15ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് പൊങ്കാല തർപ്പണം നടത്തി.തുടർന്ന് അടുത്തവട്ടം എത്താമെന്ന പ്രതീക്ഷയിൽ ഭക്തർ വീടുകളിലേക്ക് മടങ്ങി.
രാത്രി അത്താഴ പൂജയ്ക്കുശേഷം ഉടവാൾ ഗുരുസിക്കളത്തിൽ എഴുന്നള്ളിച്ച് താന്ത്രിക വിധി പ്രകാരമുള്ള ഗുരുസി നടത്തി.ഇതോടെ ഏഴുദിവസം നീണ്ടുനിന്ന പൊങ്കാല ഉത്സവം സമാപിച്ചു.
എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,ചാണ്ടി ഉമ്മൻ,കരിക്കകം വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ,ട്രസ്റ്റ് ഭാരവാഹികളായ എം.രാധാകൃഷ്ണൻ നായർ,കെ.പ്രതാപചന്ദ്രൻ, വി.അശോക് കുമാർ, എസ്.ഗോപകുമാർ, എസ്.മധുസൂധനൻ നായർ, ജി കെ.ഓം പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. രാത്രി ശ്രീ തേക്കടി രാജനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീലക്ഷ്മിയും ചേർന്ന് അവതരിപ്പിച്ച സംഗീതസന്ധ്യയും അരങ്ങേറി.
ഇന്ന് രാവിലെ 7.30ന് മാത്രമേ ക്ഷേത്ര നട തുറക്കുകയുള്ളൂവെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |