തിരുവനന്തപുരം: തലസ്ഥാനം മുഴുവൻ കരിക്കകത്തേക്ക് ഒഴുകിയെത്തിയ പൊങ്കാല നാളിൽ തിരക്കിനൊപ്പം മെല്ലെ നടന്നുനീങ്ങുകയാണ് ഇന്ദിരാമ്മ. പൊങ്കാലയർപ്പിച്ച ശേഷം ക്ഷേത്രദർശനം നടത്തി. 'അടുത്തവർഷവും വരാനാകണേ...' എന്ന പ്രാർത്ഥനയുള്ളിൽ നിറഞ്ഞു. നാലാഞ്ചിറ സ്വദേശി ഇന്ദിരയ്ക്ക് പ്രായം 90 കഴിഞ്ഞു. ഓർമ്മവച്ച നാൾ മുതൽ അമ്മയുടെ കൈപിടിച്ച് കരിക്കകം പൊങ്കാലയ്ക്കെത്തും. അമ്മയുടെ മരണശേഷം യാത്ര തനിച്ചായി. നാലാഞ്ചിറയിൽ നിന്ന് അതിരാവിലെ ബസ് പിടിച്ച് കരിക്കകത്തെത്തി. ആരെയും ആശ്രയിക്കാതെ അടുപ്പുകൂട്ടി. സമീപത്തെ കച്ചവടക്കാരിൽ നിന്ന് ഒരു തോർത്ത് വാങ്ങി. കത്തിയെരിയുന്ന വെയിലിൽ വ്രതശുദ്ധിയോടെ പൊങ്കാലയിട്ടു. പ്രായാദ്ധിക്യത്താലുള്ള ശാരീരികാവശതകൾ വകവയ്ക്കാതെയാണ് ഇന്ദിരാമ്മ പൊങ്കാലയ്ക്കെത്തുന്നത്. വീട്ടിൽ മകളും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ ജോലിക്കാരിയായിരുന്നു ഇന്ദിര. പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും വച്ചല്ല പൊങ്കാലയിടുന്നത്. നിത്യശാന്തി നൽകണേയെന്നും കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാവണേ എന്നുമുള്ള പ്രാർത്ഥന മാത്രം.
പതിവുതെറ്റിക്കാതെ
'ഗോപിക'
കരിക്കകം ക്ഷേത്രം എത്തുന്നതിന് മുൻപ് ഇടതുവശത്തെ 'ഗോപിക' എന്ന വീട് പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ആതിഥേയത്വം വഹിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. 75ലേറെ പേരാണ് ഇക്കുറി വീട്ടുവളപ്പിൽ പൊങ്കാലയർപ്പിച്ചത്. ഇതിൽ പലരും വർഷങ്ങളായി കരിക്കകം പൊങ്കാലയിടുന്നത് ഗോപികയിൽ തന്നെ. പേട്ടയിൽ റേഷൻ കട നടത്തുന്ന ഷിബുകുമാറാണ് വീട്ടുടമസ്ഥൻ. ഷിബുവും ബന്ധുക്കളും ചേർന്ന് പൊങ്കാലയ്ക്കെത്തുന്നവർക്കായി എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊടുക്കും. 400ലേറെ പേർക്ക് പൊങ്കാലദിവസം അന്നദാനമൊരുക്കും. വീട്ടുവളപ്പിൽ പൊങ്കാലയിടുന്നവരെ കൂടാതെ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരും ഉച്ചനേരത്ത് ഗോപികയിലെത്തും. ഭാര്യ രാജീ കുമാരിയും മക്കൾ അമലും അഖിലും പിന്തുണയായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |