ചാലക്കുടി : വയറിൽ കുടുങ്ങിയ കുടുക്കുമായി മരത്തിന് മുകളിൽ ചത്തുകിടന്ന പുലി, വീട്ടുമുറ്റത്തെ പുലിപ്രസവം.... പരിയാരം പഞ്ചായത്തിലെ ഭീതിദമായ പുലിക്കഥകളുടെ ഓർമ്മകൾ ഇങ്ങനെ നീളും. നോർത്ത് കൊന്നക്കുഴിയിൽ 2016 ജനുവരി എട്ടിനായിരുന്നു അരയിൽ കുടുങ്ങിയ കേബിളുമായി പുള്ളിപ്പുലി മഹാഗണി മരത്തിന് മുകളിൽ കിടന്ന് അന്ത്യശ്വാസം വലിച്ചത്.
മൂഞ്ഞേലി ഫ്രാൻസിസിന്റെ തോട്ടത്തിലായിരുന്നു സംഭവം.
മറ്റൊരിടത്ത് ആരോ കാട്ടുപന്നിക്കായി വച്ച കേബിൾ കെണിയിൽ കുടുങ്ങിയ പുലി വെപ്രാളത്തിൽ മഹാഗണിയുടെ മുകളിൽ കയറിപ്പറ്റിയതാണ്. മരത്തിന്റെ കൊമ്പിൽ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന കാഴ്ചയിൽ ഒരു ഗ്രാമമാകെ അന്തംവിട്ടു. പറമ്പിന്റെ ഉടമ എന്ന നിലയിൽ ഫ്രാൻസിസിന്റെ പേരിലായിരുന്നു വനംവകുപ്പ് കേസെടുത്തത്. നിയമത്തിന്റെ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് പെടാപ്പാട് പെട്ടു.
പീലാർമുഴിയിൽ 2006ലായിരുന്നു കല്ലുമട കരുണാകരന്റെ വീട്ടിലായിരുന്നു പുലിയുടെ പ്രസവം. പശുവിനുള്ള പുല്ല് തലച്ചുമടുമായി എത്തിയ കരുണാകരന്റെ ഭാര്യ മീനാക്ഷിയുടെ മുന്നിൽ പൂച്ചയെ പോലുള്ള ജീവി മണം പിടിച്ചെത്തി. മരുമകൾ ആശയാണ് ഇത് പുലിക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ ഭർത്താവ് തിലകനോട് കാര്യം പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പുലിക്കുട്ടിയെ സംരക്ഷിക്കാനായി കൊണ്ടുപോയി. പിന്നീടിതിനെ തൃശൂർ കാഴ്ചബംഗ്ലാവിലേക്ക് മാറ്റി. കരുണാകരന്റെ വീട്ടുമുറ്റത്താണ് പുലിയുടെ പ്രസവമെന്ന് പിന്നീട് സ്ഥിരീകരിച്ചു. അടിക്കടി വന്യമൃഗ ശല്യം നേരിട്ട് കരുണാകരൻ, പിന്നീട് വീട് വിറ്റ് മോതിരക്കണ്ണിയിലേക്ക് പോയി.
ഏപ്രിലിൽ പുലിയിറക്കം ?
നാട്ടിലേക്കുള്ള പുലിയിറക്കത്തിന് സാക്ഷ്യം വഹിച്ചത് പലപ്പോഴും ഏപ്രിൽ മാസങ്ങളിൽ. പൂലാനിയിൽ 2014ൽ പുലി കിണറ്റിൽ വീണത് ഒരു ഏപ്രിലിലായിരുന്നു. ഇപ്പോൾ ചാലക്കുടി കണ്ണമ്പുഴ പ്രദേശത്തും പുലിയെത്തിയത് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ. രണ്ടര പതിറ്റാണ്ട് മുമ്പ് ചാവക്കാട് കടപ്പുറത്തെ വിറപ്പിച്ച പുലിയുടെ തേർവാഴ്ചയും മറ്റൊരു ഏപ്രിലിലായിരുന്നു. തെല്ലും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും നാട്ടുകാരുടെ അനുഭവമതാണ്.
പുലികൾ സ്ഥിരം സന്ദർശകരാകുന്നു?
കുറുനരികളും ചെന്നായകളും ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. ഇവിടെ കിട്ടുന്ന ഭക്ഷണമാണ് അവർക്ക് പ്രിയം. പുലികളും ഇതേ പാതയിൽ സഞ്ചരിക്കുകയാണോ ?. ജന്തു ശാസ്ത്ര മേഖലയിൽ പഠനം നടത്തുന്നവർ സംശയിക്കുന്ന കാര്യമാണിത്. വിദൂര ഭാവിയിൽ കുറ്റിക്കാടുകളിൽ പോലും പുലികളെത്തുന്ന സംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്നാണ് ഇവരുടെ നിഗമനം.
വനനിയമങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കാത്ത ഭരണകൂട നേതൃത്വങ്ങളാണ് അരങ്ങ് വാഴുന്നത്. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിൽ മലയോര ഗ്രാമങ്ങളിലും ഒടുവിൽ നഗരങ്ങളിലും പുലിയും കാട്ടാനയുമെല്ലാം നാട് ഭരിക്കും.
യൂജിൻ മോറേലി
എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |