കോഴിക്കോട്: ബീച്ചിലടുക്കുന്ന ബോട്ടുകളിലേക്ക് കയറാനും ഇറങ്ങാനും ഇനി എളുപ്പം. കോർപ്പറേഷൻ ഓഫീസിനും ബീച്ച് ആശുപത്രിയ്ക്കും ഇടയിൽ കടൽപ്പാലത്തിനടുത്തായാണ് തുറമുഖ വകുപ്പിന്റെ ഫ്ളോട്ടിംഗ് ജെട്ടി ഒരുങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഫ്ലോട്ടിംഗ് ജെട്ടി നിർമ്മാണം അവസാനഘട്ടത്തിലാണ്. ശക്തമായ തിരയാണെങ്കിൽ ഫ്ലോട്ടിംഗ് ജെട്ടി നിലനിൽക്കില്ല. പരീക്ഷണാർത്ഥത്തിൽ ജെട്ടി പണിത് 10 ദിവസം വിജയകരമാണോയെന്ന് പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമാണ് ഉപയോഗിക്കുക. ബീച്ചിൽ നിന്ന് ബോട്ടുകളിൽ ബേപ്പൂർ, പുതിയാപ്പ, എലത്തൂർ തുടങ്ങി വിവിധയിടങ്ങളിലേക്കുള്ള യാത്ര കണക്കാക്കിയാണ് പദ്ധതി. വെള്ളയിൽ ഹാർബറുണ്ടെങ്കിലും യാത്രയ്ക്കായി അതുപയോഗിക്കാൻ ബുദ്ധിമുട്ടാവുമെന്നത് കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ജെട്ടി വിജയകരമായാൽ ബീച്ചിൽ നിന്ന് ബേപ്പൂരിലേക്കും മറ്റും ബോട്ട് യാത്ര തുടങ്ങാൻ കഴിയും.
നിലവിൽ സ്പീഡ് ബോട്ടുകൾ പോലുള്ളവയ്ക്കേ കടപ്പുറത്തേക്ക് അടുക്കാനാവുന്നുള്ളൂ. വലുപ്പമുള്ള യാനങ്ങൾക്ക് തീരത്തേക്ക് എത്താനാവില്ല. ഇത്തരം ബോട്ടുകളിലേക്ക് നടന്ന് കയറാനും ഇറങ്ങാനും പുതിയ ജട്ടികൊണ്ട് സാദ്ധ്യമാവും. ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഫ്ലോട്ടിംഗ് ജെട്ടി ഒരുക്കുന്നത്.
കടലിൽ 70-80 മീറ്റർ നീളത്തിലാണ് ജെട്ടി ഒരുക്കുന്നത്. 30 മീറ്ററോളം നീളത്തിൽ പണി പൂർത്തിയായിട്ടുണ്ട്. മുഴുവന് പൂർത്തിയായ ശേഷം അറ്റത്ത് ബോട്ടിലേക്ക് ഇറങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |