ഹൈദരാബാദ്: 2013ലെ ഹൈദരാബാദ് സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ച് തെലങ്കാന ഹൈക്കോടതി. എൻ.ഐ.എ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകൾ ഇന്നലെ കോടതി തള്ളിയത്. യാസീൻ ഭട്കൽ,സിയാവുർ റഹ്‌മാൻ,അസദുള്ള അക്തർ,തെഹ്‌സീൻ അക്തർ,ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ഇവർ.
കുറ്റപത്രത്തിൽ ആറ് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയതെങ്കിലും,ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ റിയാസ് ഭട്കൽ പാകിസ്ഥാനിൽ ഒളിവിലാണ്. കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കെതിരെ മാത്രമാണ് വിചാരണ നടത്തിയത്. എൻ.ഐ.എ കോടതി പ്രതികളായ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് എൻ.ഐ.എ കോടതിയുടെ വിധിയെ അഞ്ച് പ്രതികളും ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എൻ.ഐ.എ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ ലക്ഷ്മൺ, പി. ശ്രീസുധ എന്നിവരടങ്ങിയ ബെഞ്ച് ഏകദേശം 45 ദിവസത്തെ വാദം കേൾക്കലിന് ശേഷമാണ് വിധി പറഞ്ഞത്.
2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദിൽസുഖ് നഗറിൽ നടന്ന സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സ്ഫോടനം ഒരു ബസ് സ്റ്റോപ്പിലാണ് നടന്നത്,രണ്ടാമത്തേത് സമീപത്തുള്ള ഒരു ഭക്ഷണശാലയ്ക്ക് (എ1 മിർച്ചി സെന്റർ) സമീപമാണ്.
സുപ്രീംകോടതിയിൽ അപ്പീൽ
വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) പ്രാഥമിക അന്വേഷണം നടത്തിയതെങ്കിലും, തീവ്രവാദ പങ്കാളിത്തം മൂലമാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതെന്ന് ഹൈക്കോടതിയിൽ വാദിച്ച പ്രോസിക്യൂഷൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |