കൊല്ലം: മണ്ണ് ക്ഷാമവും ഇടവിട്ട മഴയും കാരണം ദേശീയപാത 66 വികസനം പൂർത്തിയാകാൻ ഇനിയും ഒരു വർഷം കാത്തിരിക്കേണ്ടി വരുമെന്ന് വിലയിരുത്തൽ.
ഉള്ളിൽ നിറയ്ക്കാനുള്ള മണ്ണിന്റെ ക്ഷാമം പരിഹരിക്കപ്പെടാത്തതിനാൽ ഫ്ലൈ ഓവറുകളുടെയും അടിപ്പാതകളുടെയും അപ്രോച്ച് റോഡുകളുടെ നിർമ്മാണം ഇഴയുകയാണ്. ജില്ലയിലെ ഓരോ റീച്ചിലും പ്രതിദിനം ഏകദേശം 500 ലോഡ് മണ്ണെങ്കിലും വേണം. എന്നാൽ കാവനാട് കടമ്പാട്ടുകോണം റീച്ചിൽ ശരാശരി 350 ലോഡ് മണ്ണ് മാത്രമേ ലഭിക്കുന്നുള്ളു. കൊറ്റുകുളങ്ങര- കാവനാട് റീച്ചിൽ മണ്ണ് ലഭ്യത ഇതിനെക്കാൾ കുറവാണ്. മഴ പെയ്യുമ്പോൾ മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്റെയും മണ്ണ് നിറയ്ക്കാൻ ദേശീയപാത അതോറിട്ടിയുടെയും നിയന്ത്രണമുണ്ട്.
കാവനാട് കടമ്പാട്ടുകോണം റീച്ചിന്റെ നീട്ടിനൽകിയ കരാർ കാലാവധി ഫെബുവരിയിൽ അവസാനിച്ചെങ്കിലും പിന്നീട് നീട്ടിയിട്ടില്ല. ഇത് ഡിസംബർ വരെ നീട്ടുമെന്നാണ് സൂചന. കൊറ്റുകുളങ്ങര- കാവനാട് റീച്ചിലെ കാലാവധി ഡിസംബർ വരെ നീട്ടി. അതിന് ശേഷം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കില്ലെങ്കിൽ രണ്ട് കരാർ കമ്പനികൾക്കും വൻ തുക ദേശീയപാത അതോറിട്ടി പിഴ ചുമത്താൻ സാദ്ധ്യതയുണ്ട്.
വിഷയങ്ങളേറെ
മണ്ണെടുക്കാൻ അനുമതിക്ക് പ്രയാസം
അനുമതിയുള്ളിടങ്ങളിൽ പ്രതിഷേധം
ചില മണ്ണ് നിർമ്മാണത്തിന് അനുയോജ്യമല്ല
യോഗ്യമല്ലാത്ത മണ്ണിന്റെ റോയൽറ്റി തിരികെ കിട്ടില്ല
ബെഞ്ച് പോലെ മണ്ണ് വെട്ടണമെന്ന് നിർദ്ദേശം
നിർമ്മാണ പുരോഗതി
കാവനാട്- കടമ്പാട്ടുകോണം: 72 %
കൊറ്റുകുളങ്ങര- കാവനാട്: 70 %
നിർമ്മാണം പൂർത്തിയാകാൻ ഏപ്രിൽ വരെ കാത്തിരിക്കണമെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ
റഹ്മാൻ (ദേശീയപാത 66 വികസനം ലെയ്സൺ ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |