കൊല്ലം: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കൊട്ടിയം ജംഗ്ഷനിൽ പതിവായ കുരുക്കഴിക്കുന്നതിന് മൂന്ന് ദിവസത്തേക്ക് പുതിയ ട്രാഫിക് പ്ലാൻ പരീക്ഷണാർത്ഥം നടപ്പാക്കാൻ, കളക്ടർ എൻ. ദേവിദാസ് ഇന്നലെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. എ.ഡി.എം ജി. നിർമ്മൽകുമാർ, ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ, ചാത്തന്നൂർ എ.സി.പി, കൊട്ടിയം സി.ഐ, ആദിച്ചനല്ലൂർ, മയ്യനാട് പഞ്ചായത്തുകളുടെ പ്രതിനിധികൾ, കരാർ കമ്പനി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ദിവസത്തിന് ശേഷവും ഗതാഗത സ്തംഭനം തുടരുകയാണെങ്കിൽ കളക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും.
ഇന്ന് മുതൽ കൊട്ടിയം ജംഗ്ഷനിൽ
1. കണ്ണനല്ലൂർ റോഡിൽ നിന്ന് മയ്യനാട്, ഹോളിക്രോസ് റോഡുകളിലേക്ക് പോകേണ്ട വാഹനങ്ങൾ ഹോളിക്രോസ് റോഡിന് മുന്നിലുള്ള സ്പാൻ മുറിച്ചുകടന്ന് പോകണം
2. ചാത്തന്നൂരിലേക്കുള്ള ബസുകൾ ഏതെങ്കിലും ഒരു സ്പാനിനുള്ളിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കണം
3. റോഡിന്റെ ഇരുവശങ്ങളിലുമായി ഗതാഗത നിയന്ത്രണത്തിന് കരാർ കമ്പനിയുടെ ആറ് ട്രാഫിക് വാർഡന്മാർ ഉണ്ടാവും
4. റോഡ് വക്കിലെ പാർക്കിംഗിന് ആദ്യം ബോധവത്കരണവും തുടർന്ന് കർശന പിഴയും
5. ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ
6. മയ്യനാട്, ഹോളിക്രോസ് റോഡുകളിൽ കൈയേറ്റങ്ങൾ ഒഴിവാക്കി പാർക്കിംഗ് ക്രമീകരണം
7. ഇടറോഡുകൾ വഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കാൻ ആദിച്ചനല്ലൂർ, മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബോധവത്കരണം
8. ചാത്തന്നൂർ എ.സി.പി സ്ഥലപരിശോധന നടത്തി കൊല്ലത്തേക്കുള്ള ബസുകൾ നിറുത്താനുള്ള ഇടം കണ്ടെത്തും
9. മൂന്ന് സ്പാനുകളുടെ അടിഭാഗം ഗതാഗതത്തിനായി തുറന്നുനൽകും
നിർമ്മാണം വേഗത്തിലാക്കണം
കൊട്ടിയം ജംഗ്ഷനിലെ ഫ്ലൈ ഓവറിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാകാൻ മൂന്ന് മാസം വേണ്ടി വരുമെന്ന് കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. മേയിൽ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |