ന്യൂഡൽഹി : അഹമ്മദാബാദിലെ എ.ഐ.സി.സി സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ, നേതൃത്വത്തിന്റെ മനോഭാവത്തിൽ കാതലായ മാറ്റം അനിവാര്യമെന്ന് സൂചിപ്പിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രതീക്ഷയുടെ പാർട്ടിയായിരിക്കണം കോൺഗ്രസെന്ന് രാഷ്ട്രീയ പ്രമേയത്തെ അനുകൂലിച്ച് അദ്ദേഹം പറഞ്ഞു.
നീരസങ്ങളിലും ഗൃഹാതുരതയിലും തട്ടിനിൽക്കുന്ന പാർട്ടിയാകരുതെന്ന് ഓർമ്മപ്പെടുത്തി. നെഗറ്രീവ് വിമർശനമല്ല, പോസിറ്റീവായി കാര്യങ്ങളെ സമീപിക്കുകയാണ് വേണ്ടത്. സബർമതി കരയിലെ സമ്മേളനം കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന്റെ തുടക്കമാണ്. ഗുജറാത്തിൽ മൂന്നു ദശകമായി അധികാരത്തിൽ നിന്ന് പുറത്തു നിൽക്കുന്നു. ഈ സമ്മേളനം വഴിത്തിരിവാകണം. പാർട്ടിക്ക് നഷ്‌ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കണം. രാജ്യത്തെ തെക്കെന്നും, വടക്കെന്നും വിഭജിക്കാൻ ശ്രമം നടക്കുന്നു. ദക്ഷിണേന്ത്യക്കാരനെന്ന നിലയിൽ പറയുന്നു, ഇന്ത്യയെ ഒന്നിപ്പിക്കുക നമ്മുടെ പൊതുവായ ഉത്തരവാദിത്തമാണ്. കോൺഗ്രസിന് വലിയ ചരിത്രമുണ്ട്. എന്നാൽ യുവതലമുറയ്‌ക്ക് ചരിത്രത്തിൽ താത്പര്യം കുറവാണ്. തങ്ങൾക്കായി ഇന്ന് എന്തു ചെയ്യാൻ കഴിയുമെന്നും, നാളെ ഏതു തരത്തിലുള്ള ജീവിതം പ്രദാനം ചെയ്യുമെന്നുമാണ് യുവജനങ്ങൾക്ക് അറിയേണ്ടത്.. വേദിയിലുള്ള പ്രധാന നേതാക്കളെ ആരെയും പ്രശംസിക്കാതെ, കോൺഗ്രസ് പ്രവർത്തകർ ഇല്ലെങ്കിൽ രാഷ്ട്രീയ പ്രമേയം വാക്കുകൾ മാത്രമായി നിലനിൽക്കുമെന്ന് തരൂർ പറഞ്ഞു..
കേരളത്തിൽ നിന്നെത്തിയ പ്രതിനിധികളെ അഭിസംബോധന ചെയ്‌ത് വള്ളത്തോൾ കവിതയും ശശി തരൂർ ചൊല്ലി. 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |