മലപ്പുറം: തണ്ണിമത്തനെ പേടിച്ചവർക്ക് തെറ്റി... തണ്ണിമത്തൻ കഴിക്കാൻ സേഫാണ്. നോമ്പ് കാലവും ചൂടും ഒരുമിച്ചെത്തിയെങ്കിലും ജില്ലയിലെ വിപണികളിൽ തണ്ണിമത്തന് വില കുത്തനെ കുറഞ്ഞതും അമിത ചുവപ്പ് നിറവും ഗുണമേന്മ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. തിരൂർ പരിധിയിൽ നിന്ന് മൊത്തക്കച്ചവട മാർക്കറ്റ്, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 12 തണ്ണിമത്തൻ സാമ്പിളുകൾ ശേഖരിച്ച് കഴിഞ്ഞ മാസം 12ന് കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ പരിശോധനാ ഫലം വന്നപ്പോൾ അഭ്യൂഹങ്ങളെല്ലാം ഒഴിഞ്ഞുപോയി. ഒന്നിലും കൃത്രിമ നിറങ്ങളോ കെമിക്കൻ സാന്നിദ്ധ്യമോ കുത്തിവയ്പ്പോ കണ്ടെത്തിയില്ല. കൂടാതെ, ജില്ലയിലെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിലേക്ക് അയച്ച പരിശോധനാ ഫലത്തിലും പ്രതികൂലമായി ഒന്നും കണ്ടെത്താനായില്ല. തണ്ണിമത്തന് സ്വഭാവിക ചുവപ്പ് നിറമേകുന്ന ലൈക്കോപീനിന്റെ സാന്നിദ്ധ്യത്തിന് അപ്പുറത്ത് മറ്റൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
നോമ്പുകാലത്ത് ഇത്തവണ കിലോയ്ക്ക് 15 രൂപയ്ക്ക് വരെ തണ്ണിമത്തൻ ലഭിച്ചിരുന്നു. സാധാരണ കിലോയ്ക്ക് 25 രൂപ വരെ വരാറുണ്ട്. തമിഴ് നാടിന് പുറമെ ജില്ലയിലും വ്യാപകമായി തണ്ണിമത്തൻ കൃഷി ചെയ്യുന്ന സാഹചര്യമുണ്ടായതോടെയാണ് വില കുറയാൻ കാരണമായത്.
തണ്ണിമത്തനിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് പരിശോധനാ ഫലം തെളിയിക്കുന്നു.
എം.എൻ.ഷംസിയ, തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |