തിരൂർ: തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയം നാല് കോടി രൂപ ചെലവഴിച്ച് നവീകരിക്കാനൊരുങ്ങി തിരൂർ നഗരസഭ. ഇതിൽ രണ്ട് കോടി തിരൂർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി തിരൂർ നഗരസഭയുമാണ് വഹിക്കുന്നത്. ഗ്രൌണ്ട് നവീകരണത്തിന് 1.10 കോടിയും തകർന്ന് കിടക്കുന്ന ആറ് ട്രാക്കുള്ള സിന്തറ്റിക് ട്രാക്ക് എട്ട് ട്രാക്ക് ആക്കുന്നതിനും നവീകരിക്കുന്നതിനുമായാണ് എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്നുള്ള രണ്ട് കോടി ചെലവഴിക്കുക. സ്റ്റേഡിയത്തിന്റെ പകുതിയോളം ഭാഗം തിരൂർ പുഴയോട് ചേർന്ന് കിടക്കുന്നതിനാൽ ഭിത്തികെട്ടി പുഴയോരം സംരക്ഷിക്കും. തിരൂരിലെ പ്രഭാത സവാരിക്കെത്തുന്നവരുടെ സൌകര്യാത്ഥം 30 ലക്ഷം രൂപയും സ്‌റ്റേഡിയത്തിൽ കിണർ, ടാങ്ക് എന്നിവ നിർമ്മിക്കുന്നതിനായി 20 ലക്ഷം രൂപയും സ്റ്റേഡിയത്തിന് പുറത്ത് ഓപ്പൺ ജിം നിർമ്മിക്കാൻ 10 ലക്ഷവും ടോയ്ലറ്റ് നിർമ്മാണത്തിനായി 20 ലക്ഷം രൂപയുമായാണ് നിർമ്മാണ പ്രവൃത്തി നടത്തുന്നത്. ഏപ്രിൽ 15ന് രാവിലെ പത്തിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കും. സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളടക്കം തിരൂർ സ്റ്റേഡിയത്തിൽ നടത്താൻ കഴിയുമെന്നും അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലാം എന്നിവർ അറിയിച്ചു.
ചെയർ പേഴ്സൺ എ.പി. നസീമ.
സ്‌റ്റേഡിയം നവീകരണ പ്രവൃത്തി അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. അതിനായി താത്കാലികമായി സ്‌റ്റേഡിയം അടച്ചിടും. പ്രവൃത്തി ആരംഭിച്ച് പൂർത്തിയാകും വരെ കായികപ്രേമികൾ സഹകരിക്കണം
വൈസ് ചെയർമാൻ പി.രാമൻകുട്ടി.
ഈ കൗൺസിലിന്റെ കാലത്ത് തന്നെ സ്‌റ്റേഡിയത്തിന്റെ സംരക്ഷണവും നവീകരണവും നടത്തുകയെന്നത് ഭരണസമിതിയുടെ വികാരമാണ്. അതിന്റെ ഭാഗമായാണ് നഗരസഭയും എം.എൽ.എയും കൈകോർത്ത് ഘട്ടം ഘട്ടമായി നവീകരണം നടപ്പിലാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |