വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷം മൂന്ന് വർഷം വരെ രാജ്യത്ത് ജോലി ചെയ്യാൻ അവസരം നൽകുന്ന ഓപ്ഷണൽ പ്രാക്‌ടിക്കൽ ട്രെയിനിംഗ് പ്രോഗ്രാം (ഒ.പി.ടി) അവസാനിപ്പിക്കാനുള്ള നീക്കത്തിൽ യു.എസ് ഭരണകൂടം. ഇതു സംബന്ധിച്ച നിർദ്ദിഷ്ട ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം.
പദ്ധതി അവസാനിപ്പിച്ചാൽ 3 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും. ബിൽ പാസായാൽ ബിരുദം പൂർത്തിയായ ഉടൻ വിദ്യാർത്ഥികൾ രാജ്യം വിടേണ്ടി വരും. നീക്കത്തിലൂടെ തദ്ദേശീയരായ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം ലഭിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
വിദേശ വിദ്യാർത്ഥികൾക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണിത്. അർഹരല്ലെന്ന് കണ്ടെത്തിയ നിരവധി വിദ്യാർത്ഥികളുടെ വിസ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ റദ്ദാക്കിയിരുന്നു. ഹമാസ് അനുകൂല പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയ വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് ജനുവരിയിൽ അധികാരത്തിലേറിയ പിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യു.എസിൽ പഠിക്കാനും താമസിക്കാനും വിസ ലഭിക്കുന്നത് പ്രത്യേക ആനുകൂല്യമാണെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരും രാജ്യത്തുണ്ടാകില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമും വ്യക്തമാക്കിയിരുന്നു. അതേ സമയം, ഡ്രൈവിംഗ് നിയമ ലംഘനങ്ങൾ, സമൂഹ മാദ്ധ്യമ പോസ്റ്റുകൾ അടക്കം ചെറിയ കാരണങ്ങൾക്ക് പോലും വിദേശ വിദ്യാർത്ഥികളുടെ വിസ യു.എസ് റദ്ദാക്കുന്നെന്ന് ആരോപണമുണ്ട്.
# കൂടുതലും ഇന്ത്യക്കാർ
പ്രധാനമായും സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് മേഖലയിൽ ബിരുദം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥികൾക്കാണ് ഒ.പി.ടിയുടെ പ്രയോജനം
ഇവർക്ക് ബിരുദ ശേഷം മൂന്ന് വർഷം വരെ യു.എസിൽ പ്രായോഗിക ജോലി പരിചയം നേടാം
ഒ.പി.ടിയുടെ ഗുണഭോക്താക്കളിൽ ഏറിയ പങ്കും ഇന്ത്യക്കാർ. പഠന വായ്പകളും മറ്റും തീർക്കാൻ ജോലി സഹായിക്കുന്നു
# എച്ച് - 1 ബി വിസയ്ക്ക് തിരക്ക്
നിലവിൽ എഫ്-1, എം-1 സ്റ്റുഡന്റ് വിസയുള്ളവർ എച്ച് - 1 ബിയിലേക്ക് മാറാൻ കഴിയുന്ന ജോലികൾക്കായി ശ്രമിക്കുന്നുണ്ട്. യു.എസ് കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച്- 1 ബി വിസ. എന്നാൽ, എച്ച്- 1 ബി വിസ സംവിധാനത്തിലും അഴിച്ചുപണി വരുത്തിയേക്കും. ടെക് മേഖലയിലടക്കം എച്ച്-1 ബി വിസയിലെത്തുന്നവരുടെ എണ്ണം ഉയരുന്നത് അമേരിക്കൻ തൊഴിലാളികളെ ദുർബലപ്പെടുത്തെന്ന് വാദമുണ്ട്.
# യാത്രകൾ മാറ്റിവച്ച് വിദ്യാർത്ഥികൾ
ആശങ്കകൾക്കിടെ അവധിക്ക് നാട്ടിൽ പോയി വരാൻ തീരുമാനിച്ച നിരവധി വിദേശ വിദ്യാർത്ഥികൾ യാത്രകൾ റദ്ദാക്കി. രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നാണ് ഇവരുടെ ആശങ്ക. രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കാൻ കൊളംബിയ, യേൽ യൂണിവേഴ്സിറ്റികൾ വിദേശ വിദ്യാർത്ഥികളോട് അനൗദ്യോഗികമായി പറഞ്ഞതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |