തിരുവനന്തപുരം: കള്ള് ഷാപ്പുകളെ നവീകരിക്കുകയും കള്ള് കേരളത്തിന്റെ തനത് പാനീയമാക്കുകയുമാണ് സർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മദ്യവർജ്ജനവും ലഹരിവ്യാപനം തടയലുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും 2025-26 ലെ മദ്യയനം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. രാസ ലഹരി ഉൾപ്പെടെ തടയാനുള്ള പ്രതിരോധം തീർക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്. സകുടുംബം നല്ല ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഇടമാക്കി കള്ളുഷാപ്പുകളെ മാറ്റും. ബാർ ഹോട്ടലുകളുടെ മാതൃകയിൽ ക്ലാസിഫിക്കേഷനും ഏർപ്പെടുത്തും.
വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ടൂറിസം കേന്ദ്രങ്ങളിൽ ത്രീ സ്റ്റാറും അതിന് മുകളിലും ക്ളാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് ടോഡി പാർലറുകൾക്ക് അനുമതി നൽകും. ആ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന എക്സൈസ് റേഞ്ച് പരിധിയിലെ ഷാപ്പുകളിൽ നിന്ന് കള്ള് ശേഖരിക്കാം. എക്സൈസ് സി.ഐ യുടെ പെർമിറ്റ് വാങ്ങണം. ഒരു ലിറ്ററിന് രണ്ട് രൂപ നിരക്കിലാവും ഫീസ്. ടൂറിസ്റ്റുകൾക്ക് മാത്രമാവും ഇവിടെ കള്ള് വിൽക്കാൻ അനുമതി. ഇതിന്റെ നടത്തിപ്പ് ചുമതല കള്ള് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘങ്ങളെ ഏല്പിക്കുന്നത് ആലോചിക്കും.
ത്രീസ്റ്റാർ മുതൽ മുകളിലേക്ക് ക്ളാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഇതേ തരത്തിൽ കള്ള് വാങ്ങി പൊതുജനത്തിന് വില്പന നടത്താം. ബന്ധപ്പെട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ് പെർമിറ്റ് നൽകേണ്ടത്. കള്ള് കുപ്പികളിലാക്കി കയറ്റുമതി ചെയ്യാനും കള്ളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമിക്കാനും ചട്ടഭേദഗതി കൊണ്ടുവരും. ഒരു ദിവസം ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് പുതുക്കി നിശ്ചയിക്കും. നിലവിൽ രണ്ടു ലിറ്ററാണ്. കേരള ടോഡി എന്ന പേരിൽ നക്ഷത്രഹോട്ടലുകളിൽ കള്ളുചെത്തി വിൽക്കുന്നതിന് അനുമതി തുടരും.
ഡ്രൈ ഡേ വില്പനയ്ക്ക് ഏക ദിന പെർമിറ്റ്
ഒന്നാം തീയതിയിലെ ഡ്രൈ ഡേയിൽ നിബന്ധനകൾക്ക് വിധേയമായി വിദേശ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിക്കും. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, വിവാഹഹകൂടിച്ചേരലുകൾ തുടങ്ങിയവയ്ക്കാണ് ത്രീസ്റ്റാറിനും മുകളിലേക്കുമുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ഇളവ് അനുവദിക്കുക. 50,000 രൂപ നൽകി പ്രത്യേക പെർമിറ്റെടുക്കണം. ഏഴുദിവസംമുമ്പ് അപേക്ഷിക്കണം. ഒന്നാം തീയതി ഒഴികെയുള്ള നിയമാനുസൃത ഡ്രൈ ഡേകളിൽ ഇളവില്ല.
പുതിയ മദ്യനിർമാണയൂണിറ്റുകളും വൈനറികളും തുടങ്ങാനുള്ള വ്യവസ്ഥ തുടരും. ഹോർട്ടി വൈനുകൾ ബെവ്‌കോ വഴി മാത്രമേ വിൽക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുണ്ട്. ലക്ഷദ്വീപ് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾ വഴി മദ്യം കയറ്റി അയയ്ക്കാൻ ബെവ്‌കോയ്ക്ക് അനുമതി നൽകി. കയറ്റുമതി ചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും. ബിവറേജസ് മദ്യക്കുപ്പികളിൽ ക്യൂ.ആർ കോഡ് നിർബന്ധമാക്കും. ആഡംബരക്കപ്പലുകളിൽ മദ്യം വിളമ്പാനുളള അനുമതി പ്രാദേശിക യാത്രാനൗകകൾക്കും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |