കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം
തിരുവനന്തപുരം. എം.ഡി.എം.എ കലർത്തിയ മിഠായി നൽകി 13കാരിയെ പീഡിപ്പിച്ച കേസിൽ 20കാരനായ കാപ്പക്കേസ് പ്രതി അറസ്റ്റിൽ. 10ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നയ്ക്കാമുഗൾ സ്വദേശി മുഹമ്മദ് റൈസിനെയാണ് പൂജപ്പുര പൊലീസ് പിടികൂടിയത്. പിടികൂടുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പടികൂടി.
പ്രതിയുടെ വീടിനടുത്ത് താമസിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് പതിവായി ലഹരി അടങ്ങിയ ചോക്ലേറ്റ് മിഠായി നൽകിയിരുന്നു. ഒരേതരത്തിലുള്ള ചോക്ലേറ്റ് പതിവായി കഴിക്കുന്നതുകണ്ട വീട്ടുകാർക്ക് സംശയംതോന്നി. ചോക്ലേറ്റ് കിട്ടാത്തപ്പോൾ പെൺകുട്ടി വല്ലാത്ത മാനസികാവസ്ഥയിൽ പെരുമാറാൻ തുടങ്ങിയതോടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പലതവണ പീഡനത്തിന് വിധേയമായതായി പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
മോഷണം, ലഹരി ഉപയോഗം തുടങ്ങിയ നിരവധി കേസുകളിലും ഗുണ്ടാലിസ്റ്റിലും ഉൾപ്പെട്ട മുഹമ്മദ് റൈസിനെതിരേ കാപ്പ നിയമപ്രകാരം വീണ്ടും കേസെടുക്കുന്നതിന് സ്റ്റേഷനിലെത്താൻ അറിയിച്ചിട്ടും എത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് പുതിയകേസ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സുഹൃത്തിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ് പൊലീസെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് ചാടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, വീട് വളഞ്ഞിരുന്ന പൊലീസ് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു. ഇയാളിൽ നിന്ന് കത്തിയും സിറിഞ്ചും കണ്ടെത്തി. എസ്.എച്ച്.ഒ പി.ഷാജിമോൻ, എസ്.ഐ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |