മുടപുരം: വലിയ ഏലാ പാടശേഖരത്തിലെ തരിശുഭൂമിയിൽ കൃഷിയിറക്കാനൊരുങ്ങി കർഷകരും നെല്ലുത്പാദക സമിതിയും. ഇതുവഴി നെൽക്കൃഷി ലാഭകരമാക്കി നൂറുമേനി വിളവുകൊയ്യാമെന്ന പ്രതീക്ഷയിലാണ് കർഷകർ.ജില്ലയിലെ വലിയ പാടശേഖരങ്ങളിൽ ഒന്നാണ് കിഴുവിലം പഞ്ചായത്ത് 20-ാം വാർഡിലെ വലിയ ഏലാ പാടശേഖരം.പതിറ്റാണ്ടുകൾക്ക് മുൻപ് 60 ഹെക്ടർ ഉണ്ടായിരുന്ന പാടശേഖരമിപ്പോൾ 40 ഹെക്ടറായി ചുരുങ്ങി.നെൽക്കൃഷി ലാഭകരമല്ല എന്ന കാരണത്താൽ പല കർഷകരും കൃഷി നിറുത്തുകയും അതിനെത്തുടർന്ന് നിലം നികത്തുകയും ചെയ്തു.ഇന്ന് 40 ഹെക്ടർ ഉണ്ടെങ്കിലും 20 ഹെക്ടറിലേ കൃഷി ചെയ്യുന്നുള്ളു.ജലസേചന സൗകര്യത്തിന്റെ കുറവും കർഷകരെ കൃഷിയിൽ നിന്ന് അകറ്റുന്നു.110ഓളം കർഷകരുടെ ഉടമസ്ഥതയിലുള്ളതാണ് വലിയഏലാ പാടശേഖരം.ചിറയിൻകീഴ് വലിയകടയിൽ നിന്ന് ആരംഭിക്കുന്ന ഒറ്റപ്ലാംമൂക്ക് - അയന്തിക്കടവ് റോഡ് വിശാലമായ ഈ പാടശേഖരത്തിന് നടുവിലൂടെയാണ് കടന്നുപോകുന്നത്.
ജലസേചന സൗകര്യം ലഭിക്കുന്നില്ല
പാടത്തിന് നടുവിലൂടെ ഒഴുകുന്ന വലിയ തോടും അനുബന്ധമായുള്ള ഇടതോടുകളും കൃഷിക്ക് ജലസേചന സൗകര്യം ഒരുക്കുന്നു.രണ്ട് കുളങ്ങളും ഇവിടെയുണ്ട്.മാമം ആറിൽ നിന്നാരംഭിച്ച് സങ്കരനാരായണപുരം അണവഴി നെൽപ്പാടത്തിലൂടെ വൈദ്യന്റെ മുക്കിനടുത്ത് വാമനപുരം ആറിൽ ചെന്ന് ചേരുന്നതാണ് വലിയ തോട്.എന്നാലിപ്പോൾ വലിയ തോടിന്റെ സൈഡ് വാളുകൾ പലയിടത്തും തകർന്നതിനാലും തടയണകൾക്ക് തകരാറുകൾ സംഭവിച്ചതിനാലും ഇടതോടുകൾ പരിചരിക്കാത്തതിനാലും പഴയതുപോലെ ജലസേചന സൗകര്യം ലഭിക്കുന്നില്ല.
കൃഷി കുറഞ്ഞു
പതിറ്റാണ്ടുകൾക്ക് മുൻപ് പാടശേഖരത്ത് ഒരു വർഷം മൂന്ന് തവണ കൃഷിയിറക്കിയിരുന്നു. എന്നാലിപ്പോൾ 2തവണ മാത്രമാണ് കൃഷി ചെയ്യുന്നത്. അതും 20 ഹെക്ടറിൽ.ബാക്കി ഭാഗം തരിശായി കിടക്കുകയാണ്.
യോഗം ചേരും
തരിശായി കിടക്കുന്ന ഭാഗം പാട്ട വ്യവസ്ഥയിൽ നെൽക്കൃഷിക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് നെല്ലുത്പാദകസമിതി. ഇതിനായി നിലം ഉടമകളുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിനായി കർഷകരുടെയും നിലം ഉടമകളുടെയും യോഗം പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ,കൃഷി ഓഫീസർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ 15ന് വൈകിട്ട് 3ന് ഗ്രൂപ്പ് ഫാമിംഗ് ഓഫീസിൽ ചേരും.യോഗത്തിൽ എല്ലാ നിലം ഉടമകളും അവകാശികളും കർഷകരും പങ്കെടുക്കണമെന്ന് വലിയ ഏലാ പാടശേഖര നെല്ലുത്പാദക സമിതി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |