തിരുവനന്തപുരം: ശംഖുംമുഖം തീരത്ത് നടന്ന ആറാട്ടോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം സമാപിച്ചു. ഇന്നലെ വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടവഴി ആചരവെടിയോടെ പുറത്തേക്കെഴുന്നള്ളി. ക്ഷേത്രത്തിലെ ശീവേലിപ്പുരയിൽ സ്വർണ ഗരുഡ വാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയും വെള്ളിവാഹനങ്ങളിൽ തെക്കേടത്ത് നരസിംഹമൂർത്തി,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു. വിളംബരമറിയിച്ച് ആന മുന്നിൽ നടന്നു. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ പള്ളിവാളേന്തി അകമ്പടി സേവിച്ചു.
സായുധപൊലീസ്,കരസേന എന്നിവ ബഹുമതി നൽകി. വേൽക്കാർ,കുന്തക്കാർ, പൊലീസിന്റെ ബാൻഡ് സംഘം, നിരവധി ഭക്തർ എന്നിവ അകമ്പടിയേകി. നഗരത്തിലെ നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ആറാട്ടിനൊപ്പം ചേർന്നു.
വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ശംഖുംമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്കുശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിച്ചു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്,പെരിയനമ്പി,പഞ്ചഗവ്യത്തുനമ്പി എന്നിവർ കാർമികത്വം വഹിച്ചു.
ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,കരമന ജയൻ,വേലപ്പൻനായർ,ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ എഴുന്നള്ളത്തിന് നേതൃത്വം നൽകി. രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതീബായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി, മുൻമന്ത്രി വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തി. തുടർന്ന് കൊടിയിറക്ക് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |