ചേർത്തല: വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ ചേർത്തല യൂണിയൻ സംഘടിപ്പിച്ച മഹാസംഗമം ചരിത്രത്തിൽ ഇടംനേടുന്നതായി.
ശ്രീനാരായണഗുരു ദാനംചെയ്ത സ്ഥലത്ത് നിലകൊള്ളുന്ന ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിലെ വിശാലമായ പന്തൽ നിറഞ്ഞുകവിഞ്ഞായിരുന്നു സദസ്. നിശ്ചയിച്ചതിനും നേരത്തെ പന്തലിലെ ഇരിപ്പിടങ്ങൾ നിറഞ്ഞു. യോഗത്തിന് മുമ്പ് അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ സദസിന് അനുഭൂതിയേകി. പകൽ നാലോടെയെത്തിയ മുഖ്യമന്ത്രിയെ വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും ചേർന്ന് സ്വീകരിച്ചു. പ്രത്യേകം സജ്ജമാക്കിയ മുറിയിൽ വിശ്രമിച്ച മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും വേദിയിൽ എത്തിയതോടെ സദസ് എഴുന്നേറ്റ് വിശറിവീശി അഭിവാദ്യംചെയ്തു. ഇരുവരുടെയും ചിത്രം പതിച്ചതായിരുന്നു വിശറി. പിന്നാലെ മന്ത്രിമാരും വേദിയിൽ എത്തി. എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ വേദിയിൽ ദീപംകൊളുത്തി. 90 കുട്ടികൾ അണിനിരന്ന് ദൈവദശകം ആലപിച്ചാണ് യോഗം തുടങ്ങിയത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ആദരിച്ചു. വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് ഉപഹാരംനൽകി. സംഘാടക സമിതിയും മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. . ഗുരുവിനെക്കുറിച്ച് വയലാർ രാമവർമ എഴുതിയ കവിത ആലപിച്ചാണ് മന്ത്രി വി.എൻ.വാസവൻ പ്രസംഗം അവസാനിപ്പിച്ചത്.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ, നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി കെ ബിനോയ്, ബി.ഡി.ജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ജ്യോതിസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |