പാലോട്: ബർത്ത് അനലൈസറിൽ മദ്യപിച്ചെന്ന സിഗ്നൽ കാണിച്ചതോടെ കെ.എസ്.ആർ.ടി പാലോട് ഡ്രൈവറെ ഡ്യൂട്ടിൽ നിന്ന് മാറ്റിനിറുത്തി. തുടർന്ന് ഡ്രൈവർ പ്രതിഷേധിച്ചതോടെ ഗതാഗതമന്ത്രി ഇടപെട്ട് ഡ്രൈവറെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30 ഓടെ പാലോട് ഡിപ്പോയിലായിരുന്നു സംഭവം. ഡ്യൂട്ടിക്ക് എത്തിയ പച്ചമല സ്വദേശി ജയപ്രകാശിനെയാണ് (52) ബർത്ത് അനലൈസർകൊണ്ട് പരിശോധിച്ചപ്പോൾ മദ്യപിച്ചെന്നു കണ്ടെത്തി മാറ്റി നിറുത്തിയത്. താൻ മദ്യപിക്കാറില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും സ്റ്റേഷൻ മാസ്റ്റർ വഴങ്ങിയില്ല.
ഇതോടെ ഡിപ്പോ ഓഫീസിനു മുന്നിൽ പായ വിരിച്ചുകിടന്ന് ജയപ്രകാശ് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് ഭാര്യ അഖില കുമാരിയും മക്കളായ അലീനയും അജിലും സ്ഥലത്തെത്തി. ഇതോടെ വിഷയത്തിൽ ചീഫ് ഓഫീസ് അധികൃതർ ഇടപെട്ടു. മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശാനുസരണം ജയപ്രകാശിനെ വീണ്ടും ബർത്ത് അനലൈസറിൽ ഊതിച്ചു നോക്കിയെങ്കിലും സിഗ്നൽ 16 കാണിച്ചു. ഇതോടെ അടിയന്തര വകുപ്പുതല അന്വേഷണത്തിന് മന്ത്രി നിർദ്ദേശിച്ചു. ജീവിതത്തിൽ ഇതേവരെ മദ്യപിച്ചിട്ടില്ലെന്ന നിലപാടിൽ ജയപ്രകാശ് ഉറച്ചുനിന്നു. വിശദ പരിശോധനയിൽ രണ്ടു ആഴ്ച മുമ്പ് തകരാറാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മെഷീനാണ് പരിശോധനയ്ക്ക് ഉപയോഗിച്ചതെന്ന് തെളിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ ജയപ്രകാശിനെ ചീഫ് ഓഫീസിലേക്ക് വിളിപ്പിച്ചു. താൻ നടുവേദനയ്ക്ക് തൊളിക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണെന്ന രേഖകളും ഹാജരാക്കി. തുടർന്ന് നാളെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അനുമതിയും ലഭിച്ചു. 22 വർഷം മുമ്പ് എംപാനൽ ഡ്രൈവറായി നിയമിതനായ ജയപ്രകാശിന് 10 വർഷം മുമ്പ് പി.എസ്.സി നിയമനം ലഭിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുകയാണ്
ബർത്ത് അനലൈസർ പരിശോധനയുടെ ലക്ഷ്യമെന്ന് ചീഫ് ഓഫീസ് വൃത്തങ്ങൾ കേരള കൗമുദിയോടു പറഞ്ഞു. സംഭവത്തിൽ അധികൃതർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് പാലോട് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |