നെയ്യാറ്റിൻകര: മഴക്കാലം വരാനിരിക്കെ പ്രദേശത്ത് മഴക്കാല പൂർവ ശുചീകരണം ശക്തമാക്കേണ്ട സമയമാണ്. ഇതിനുള്ള ഒരുക്കങ്ങൾ പലപഞ്ചായത്തും ആരംഭിച്ചുകഴിഞ്ഞു. എന്നിരുന്നാലും ഇതിനുള്ള തടസങ്ങൾ നേരിടുന്ന പഞ്ചായത്തുകളും നിലവിലുണ്ട്. നിലവിൽ ഇടയ്ക്ക് പെയ്യുന്ന വേനൽമഴയിൽപോലും പലയിടത്തും വെള്ളം കെട്ടും. പൊതുസ്ഥലത്ത് വലിച്ചെറിയപ്പെട്ട മാലിന്യക്കെട്ടുകളും ഓടകളിലും ചാലുകളിലും കെട്ടിക്കിടക്കുന്ന മണ്ണും മാലിന്യവും എല്ലാം മഴക്കാലത്തെ പകർച്ചാവ്യാധികൾക്ക് കാരണമാകുമെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.
അതേസമയം, നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ യോഗങ്ങൾ കൂടി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുത്തു. ഫണ്ടിന്റെ അപര്യാപ്തത കാരണം തുടർനടപടികൾ മന്ദഗതിയിലാണ്.
പ്രവർത്തനം തുടങ്ങി
വിഴിഞ്ഞം: മഴക്കാല പൂർവശുചീകരണം മുന്നിൽക്കണ്ട് വിഴിഞ്ഞം വെങ്ങാനൂർ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മുക്കോല ജംഗ്ഷൻ മുതൽ കല്ലുവെട്ടാൻകുഴി വരെയുള്ള സർവീസ് റോഡിലെയും ബൈപ്പാസ് റോഡിലെയും ഓടകൾ വാർഡ് കൗൺസിലർ സിന്ധു വിജയന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. കോട്ടപ്പുറം വാർഡിൽ കൗൺസിലർ പനിയടിമ ജോണിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. മരിയ നഗറിൽ നഗരസഭയുടെ ഒരു കോടി രൂപ ചെലവഴിച്ച് ഓട നിർമ്മിച്ചു. കരിമ്പള്ളിക്കരയിലും പുതിയ ഓടകൾ നിർമ്മിച്ചു. മുക്കോലമുതൽ തെന്നൂർകോണം വരെയുള്ള ഓടകളും ക്ലീനാക്കി. കൊതുകുനിവാരണ പദ്ധതിയുടെ ഭാഗമായി വയലിൻ കര,ഒസാവിള തുടങ്ങിയ ഭാഗങ്ങളിലും ഫോഗിംഗ് തുടരുന്നു.
ലക്ഷ്യം മാലിന്യ മുക്തം
ഉദിയൻകുളങ്ങര: മഴക്കാല രോഗത്തെ തടയാൻ എല്ലാ വാർഡുകളിലും ശുചീകരണ സമിതികൾ കൂടി. വരും ദിവസങ്ങളിൽ വീടുകളിൽ ബോധവത്കരണം,ആരോഗ്യ പ്രവർത്തകരുടെയും സാനിറ്റേഷൻ പ്രവർത്തകരുടെയും സേവനം ഉറപ്പുവരുത്തും. ശുദ്ധജലപദ്ധതികൾ,കനാലുകൾ തുടങ്ങിയവയിൽ
ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവ ഉപയോഗിച്ച് ശുദ്ധീകരണം നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
മുൻകരുതൽ വേണം
പൂവർ: കുളത്തർ,പൂവാർ,കരുംകുളം,കോട്ടുകാൽ തുടങ്ങിയ പഞ്ചായത്ത് മേഖലകളിൽ മലിനജലം കെട്ടിക്കിടക്കാറുണ്ട്. മഴക്കാലം തുടങ്ങിയാൽ ഇത് പ്രദേശം മുഴുവൻ വ്യാപിക്കും. ഈ സാഹചര്യം മുന്നിൽക്കണ്ട് കൊതുക് ജന്യ രോഗങ്ങൾ വളരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ വൃത്തിയാക്കണമെന്നും മഴക്കാലത്ത് സ്ഥിരമായി വെള്ളം കെട്ടുന്ന പ്രദേശങ്ങളിൽ നടപടികൾ ആരംഭിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് എല്ലാ വീടുകളിലും എത്തിക്കണമെന്നും ആരോഗ്യപ്രവർത്തകർ പഞ്ചായത്തിനോട് നിർദ്ദേശിച്ചു.
കമ്മിറ്റികൾ വിളിച്ചു
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ മഴക്കാലപൂർവ ശുചീകരണം ആരംഭക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ വാർഡുതല കമ്മിറ്റികൾ വിളിച്ചിട്ടേയുള്ളൂ. അമ്പൂരിയിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു പറഞ്ഞു. ആര്യങ്കോട്,ഒറ്റശേഖരമംഗലം,പഞ്ചായത്തുകളിൽ ശുചീകരണങ്ങൾ തുടങ്ങിയിട്ടില്ല.
നടപടി ഇനിയുമില്ല
പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിന്റെയും ചെങ്കൽ,കൊല്ലയിൽ പഞ്ചായത്തുകളുടെയും പരിധിയിൽ ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള ഓടകളിൽ മാലിന്യം നിറഞ്ഞു.പലയിടത്തും മലിനജലം കെട്ടിക്കിടക്കുകയാണ്. ഉദിയൻകുളങ്ങര ജംഗ്‌ഷൻ, പരശുവയ്ക്കൽ ജംഗ്‌ഷൻ,കുറുങ്കുട്ടി,പവതിയാൻവിള,പാറശാല ആശുപത്രി ജംഗ്‌ഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ വരെയുള്ള ഭാഗം എന്നിവിടങ്ങളിലെ ഓടകളും ഇതേ അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |