പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ അതിക്രൂരമായ റാഗിംഗിന് വിധേയനായി മരണമടഞ്ഞ സംഭവം കേരളത്തിലെ പൊതു മനഃസാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. ഈ സംഭവത്തിന് കാരണക്കാരായ 19 വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കിയ നടപടി അഭിനന്ദനാർഹമാണ്. മറ്റു കോളേജുകളിൽ പ്രവേശനം നേടുന്നതിൽ നിന്ന് ഇവർക്ക് മൂന്നുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മാതൃകാപരമായ നടപടികൾ മുൻകാലങ്ങളിൽ എടുക്കാത്തതാണ് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം റാഗിംഗിന്റെ പേരിലുള്ള ക്രൂരതകൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.
പലപ്പോഴും റാഗിംഗ് സംഭവം പുറത്തുവരുമ്പോൾ അന്വേഷണവും ബഹളവുമൊക്കെ നടക്കുമെങ്കിലും ഒച്ചപ്പാടുകൾ അവസാനിക്കുമ്പോൾ പല പഴുതുകളിലൂടെയും പ്രതികൾ രക്ഷപ്പെട്ടു വന്ന് അതേ കോളേജുകളിൽത്തന്നെ പൂർവാധികം തടിമിടുക്കോടെ വിലസുന്നതാണ് കണ്ടുവരുന്നത്. പ്രതികൾ പ്രധാന വിദ്യാർത്ഥി കക്ഷികളുടെ അംഗങ്ങളാണെങ്കിൽ അവരെ രക്ഷിക്കാൻ സർവകലാശാലയിലെ ചില അദ്ധ്യാപകർ തന്നെയാവും മുന്നിട്ടിറങ്ങുക. റാഗിംഗിന് വിധേയനായ വിദ്യാർത്ഥിയും കുടുംബവും കാലക്രമത്തിൽ ഒറ്റപ്പെടുകയും ചെയ്യും. സിദ്ധാർത്ഥൻ മരണപ്പെട്ട വിഷയത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന് ഇത്ര ശക്തമായ നടപടിയുണ്ടാകാൻ കാരണമായത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലാണ്. ഇതിൽ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ പുലർത്തിയ അചഞ്ചലമായ പോരാട്ടം എടുത്തുപറയേണ്ടതാണ്.
തുടക്കത്തിൽ എസ്.എഫ്.ഐയും കോളേജ് അധികൃതരും ചേർന്ന് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നിരുന്നു. ഇവർക്ക് ജാമ്യം ലഭിക്കുവാൻ തക്ക വിധത്തിലുള്ള ദുർബലമായ വാദങ്ങളാണ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് മുഴുവൻ പ്രതികൾക്കും സിംഗിൾ ബെഞ്ചിൽനിന്ന് ജാമ്യം ലഭിച്ചത്. ഈ കുറ്റവാളികൾക്ക് തുടർ പഠന സൗകര്യമൊരുക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഈ കോടതിവിധിക്കെതിരെ അപ്പീൽ പോകാൻ പോലും സർക്കാർ തയ്യാറായില്ല. സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെത്തുടർന്നാണ് വിധി സ്റ്റേ ചെയ്യപ്പെട്ടത്. അന്തിമ ഉത്തരവ് പുറത്തുവന്നിട്ടില്ല. ഇതിനിടെ റാഗിംഗ് കേസുകൾ പരിശോധിക്കാൻ പുതിയ ബെഞ്ച് ഉണ്ടാക്കാനും ഹൈക്കോടതി തീരുമാനിച്ചു. വിദ്യാലയ കാമ്പസുകളിൽ റാഗിംഗ് എന്ന പേരിൽ നടക്കുന്ന കിരാത പ്രവൃത്തികൾ അവസാനിപ്പിക്കേണ്ടതുതന്നെയാണ്.
റാഗിംഗിന്റെ പേരിൽ കാമ്പസുകളിൽ നടക്കുന്നത് ഏതാണ്ട് ഗുണ്ടാ പ്രവർത്തനത്തിനു സമാനമായ കാര്യങ്ങളാണ്. പണം പിടിച്ചുപറിക്കുക, മദ്യം വാങ്ങിപ്പിക്കുക, അതിക്രൂരമായി മർദ്ദിക്കുക തുടങ്ങിയവയാണ് സീനിയേഴ്സ് എന്ന ലേബലിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ ചെയ്യുന്നത്. സിദ്ധാർത്ഥന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പുറത്താക്കപ്പെട്ട് 19 പേരും ഹൈക്കോടതി നിർദ്ദേശപ്രകാരം ആന്റി റാഗിംഗ് സ്ക്വാഡ് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയവരാണ്. റാഗിംഗ് കേസിൽ പെട്ടാൽ ജീവിതം തകരുമെന്ന ബോദ്ധ്യം വന്നാലേ ഇനിയെങ്കിലും ഇത്തരം നീചകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ. കേരളത്തിന്റെ വിദ്യാലയ വളപ്പുകൾ അക്രമത്തിന്റെയും ലഹരിയുടെയും ക്യാമ്പുകളായി മാറാൻ പാടില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സമൂഹത്തിനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |