ഡോ. ജി. ബൈജു
ഡയറക്ടർ, സി.ടി.സി.ആർ.ഐ
ലോകത്ത് ഇരുനൂറു കോടി ജനങ്ങളുടെയും ഇന്ത്യയിൽ ഇരുപത് കോടി ജനങ്ങളുടെയും ഭക്ഷ്യപോഷക- ഉപജീവന സുരക്ഷ ഉറപ്പാക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് സി.ടി.സി.ആർ.ഐ.
62 വർഷം മുമ്പ് തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ചെറിയൊരു വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം (സി.ടി.സി.ആർ.ഐ) ഇന്ന് നേട്ടങ്ങളുടെ പടവുകൾ കയറി ലോകമറിയുന്ന കാർഷിക ഗവേഷണ സ്ഥാപനമായി വളർന്നിരിക്കുന്നു. ശ്രീകാര്യം ആസ്ഥാനമായ സെൻട്രൽ ട്ര്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി. ബൈജു 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? സ്ഥാപനത്തിന്റെ മുഖ്യ ഗവേഷണ നേട്ടങ്ങൾ എന്തൊക്കെയാണ്.
രാജ്യത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമായി ശേഖരിച്ച ആറായിരത്തോളം കിഴങ്ങുവിളകളുടെ ജനിതക ശേഖരം സംരക്ഷിക്കുന്ന കേന്ദ്ര ഗവേഷണ സ്ഥാപനമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. പുതിയ കിഴങ്ങുവർഗ ഇനങ്ങൾ വികസിപ്പിക്കുന്ന ഇവിടെനിന്ന് ഇതുവരെ 77പുതിയ ഇനങ്ങളാണ് കർഷകരിലേക്ക് എത്തിയത്. ഒരു യൂണിറ്റ് സ്ഥലത്തു നിന്നുമുള്ള മരച്ചീനിയുടെ വിളവ് അറുപതു വർഷംകൊണ്ട് നാലിരട്ടിയാക്കാൻ സാധിച്ചതിന് മുഖ്യ കാരണം സി.ടി.സി.ആർ.ഐയുടെ ഗവേഷണ ഫലങ്ങളാണ്.
? സി.ടി.സി.ആർ.ഐയുടെ പ്രധാന കാർഷിക സാങ്കേതിക വിദ്യകൾ.
ഒരോ കൃഷിത്തോട്ടത്തിനും അനുയോജ്യമായ ഇനങ്ങളും കൃഷിരീതികളും വളപ്രയോഗവും ആവിഷ്കരിച്ച് വിളവ് വർദ്ധിപ്പിക്കുന്നതോടൊപ്പം ജല, വള നഷ്ടം ഇല്ലാതാക്കുന്നതിനും അതുവഴി കൃഷി സുസ്ഥിരമാക്കുന്നതിനും സഹായിക്കുകയാണ് മുഖ്യ ദൗത്യം. അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ ഏറ്റവും കുറയ്ക്കാൻ സാധിച്ചു. ജൈവ കൃഷിരീതിക്ക് ഏറ്റവും യോജിച്ച വിളകളായതിനാൽ സി.ടി.സി.ആർ.ഐ വികസിപ്പിച്ച് പ്രചരിപ്പിച്ച ജൈവ സാങ്കേതിക വിദ്യകൾ രാസവള കീടനാശിനി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.
? കിഴങ്ങു വിളകളുടെ വിഭാഗത്തിൽ വരുന്നത്...
മരച്ചീനി, മധുരക്കിഴങ്ങ്, ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, കൂവ, പാൽചേമ്പ് തുടങ്ങി പതിനഞ്ചു വിളകളുടെ ഗ്രൂപ്പ് ആണിത്. ഇന്ത്യയിൽ അഞ്ച് ലക്ഷം ഏക്കറിൽ നിന്ന് നൂറുലക്ഷം ടണ്ണാണ് കിഴങ്ങു വിള ഉത്പാദനം. ആദിവാസി സമൂഹത്തിന്റെയും, പാവപ്പെട്ടവരുടെയും മുഖ്യ ഭക്ഷണം, മൃഗ ഭക്ഷണത്തിലുള്ള പ്രാധാന്യം, പല വ്യാവസായിക ഉത്പന്നങ്ങളുടെയും അസംസ്‌കൃത വസ്തു തുടങ്ങി വിവിധങ്ങളാണ് കിഴങ്ങുവർഗ വിളകളുടെ ഉപയോഗം.
? പ്രിസിഷൻ കൃഷി മേഖലയിൽ ഉണ്ടാക്കിയ നേട്ടങ്ങൾ.
മുപ്പതോളം വർഷമായി ക്രോപ്പ് മോഡലിംഗിൽ ഗവേഷണം നടത്തുന്ന സംസ്ഥാനത്തെ ആദ്യ കൃഷി ഗവേഷണ സ്ഥാപനമാണ് സി.ടി.സി.ആർ.ഐ. ഇതിന്റെ തുടർച്ചയായി വികസിപ്പിച്ച ഇ- ക്രോപ്പ് ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ അധിഷ്ഠിത സ്മാർട്ട് കൃഷി ഉപകരണമാണ്. ഇതിന് ദേശീയ തലത്തിൽ പുരസ്‌കാരം ലഭിച്ചു. ഇതിന്റെ സാങ്കേതികവിദ്യാ ലൈസൻസ് രണ്ടു കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. വിദേശ രാജ്യത്തും കൃത്യതാ കൃഷിക്ക് ഉപയോഗിക്കാനായി ഉടനെ ഈ ഉപകരണം ലഭ്യമാക്കുന്നുണ്ട്.
? മധുരക്കിഴങ്ങിന്റെ 'സൂപ്പർ ഫുഡ്" സാദ്ധ്യതകൾ മുതലെടുക്കാൻ...
മധുരക്കിഴങ്ങിന് അടുത്ത കാലത്തായി പ്രാധാന്യമേറുകയാണ് . സി.ടി.സി.ആർ.ഐ വികസിപ്പിച്ച ഓറഞ്ച്, പർപ്പിൾ നിറമുള്ള 'ബയോ ഫോർട്ടിഫൈഡ്" ഇനങ്ങളാണ് മുഖ്യം. റെയിൻബോ ഡയറ്റ് പദ്ധതിയിലൂടെ രാജ്യത്താകമാനം ആദിവാസികളുടെയും പാവപ്പെട്ട ജന വിഭാഗത്തിന്റെയും വൈറ്റമിൻ എ കുറവ് പരിഹരിക്കൽ ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും സാദ്ധ്യത വലുതാണ്.
? സെക്കൻഡറി അഗ്രികൾച്ചർ മേഖലയിലെ സാദ്ധ്യതകൾ.
കിഴങ്ങു വിളകളിൽ നിന്ന് സി.ടി.സി.ആർ.ഐ വികസിപ്പിച്ച മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ പതിനഞ്ചുവർഷം 75- ലധികം സാങ്കേതിക വിദ്യാ ലൈസൻസുകൾ നൽകുക വഴി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ വികസിപ്പിച്ചു. ഞങ്ങളുമായി കരാർ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന 'സോബു ഫുഡ് "എന്ന കമ്പനി ഇവിടെ വികസിപ്പിച്ച ബയോ ഫോർട്ടിഫൈഡ് മധുരക്കിഴങ്ങ് ഉപയോഗിച്ച് ബേബി ഫുഡ് ഉണ്ടാക്കുന്ന രാജ്യത്തെ ആദ്യ ഫാക്ടറി ഹൈദരാബാദിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും.
ഇവിടെയുള്ള ടെക്‌നൊ ഇൻകുബേഷൻ സെന്റർ ഇതിനെല്ലാം വേണ്ടുന്ന പരിശീലനങ്ങളും നൽകുന്നുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങൾ, വ്യാവസായിക ഉത്പന്നങ്ങൾ, കൂടാതെ മരച്ചീനി ഇലയിൽ നിന്ന് ജൈവ കീടനാശിനി, മരച്ചീനി കമ്പിൽനിന്ന് പാർട്ടിക്കിൾ ബോർഡുകൾ എന്നിവയുടെ സാങ്കേതിക വിദ്യകൾ ശ്രദ്ധേയമാണ്.
? ഭക്ഷ്യസുരക്ഷയിൽ കിഴങ്ങു വിളകൾക്കുള്ള പ്രാധാന്യം.
മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് നല്ല വിളവ് നൽകാൻ കിഴങ്ങു വിളകൾക്കുള്ള കഴിവ് സി.ടി.സി.ആർ.ഐ ഗവേഷണത്തിലൂടെ കണ്ടെത്തി. വരൾച്ച, ഉയർന്ന താപനില, ഉപ്പുരസം തുടങ്ങി പല പ്രതിഭാസങ്ങളെയും ചെറുത്ത് നല്ല വിളവ് നൽകാനുള്ള കഴിവ് ഭാവി ഭക്ഷ്യ സുരക്ഷയ്ക്ക് മുതൽക്കൂട്ടാണ്.
? പ്രധാന ഭാവി പദ്ധതികൾ.
അടുത്ത അഞ്ചുവർഷത്തേക്കുള്ള പദ്ധതികൾ തയാറാക്കുന്ന ഘട്ടമാണ് ഇപ്പോൾ. രോഗ പ്രതിരോധ ശേഷിയും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കഴിവുമുള്ള മികച്ച വിളവ് തരുന്ന ഇനങ്ങൾ, കാർബൺ ബഹിർസ്ഫുരണം കുറയ്ക്കുന്ന കൃഷിരീതി വികസിപ്പിക്കൽ, രോഗകീടങ്ങളെ നിയന്ത്രിക്കാൻ പ്രകൃതിസൗഹൃദ മാർഗങ്ങളും ആധുനിക രോഗനിർണയ മാർഗങ്ങളും വികസിപ്പിക്കൽ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വൈവിദ്ധ്യവൽക്കരണവും ബിസിനസ് വികസനവും കൂടാതെ സാങ്കേതികവിദ്യാ വ്യാപനത്തിന് പരമ്പരാഗത- ആധുനിക വിദ്യകളുടെ സമന്വയം എന്നീ അഞ്ച് മേഖലകളിലായിരിക്കും ഭാവിയിൽ കൂടുതൽ ശ്രദ്ധ നൽകുക. രാജ്യത്തെ തന്നെ അത്യന്താധുനിക ലബോറട്ടറികളുള്ള സി.ടി.സി.ആർ.ഐ, ജീനോം എഡിറ്റിംഗ്, ഫീനോമിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി, ഗവേഷണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകളെല്ലാം ഇവിടെ പ്രയോജനപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |