കോട്ടയം : ഏത് നിമിഷവും കുരച്ചു ചാടി വീഴാം, കൂട്ടമായിട്ടാണെങ്കിൽ പിന്നെ രക്ഷയില്ല. തെരുവ് നായശല്യത്തിൽ വശംകെട്ട് പ്രഭാതസവാരി ഉപേക്ഷിച്ച കോടിമത സ്വദേശി സുരേഷിന്റെ വാക്കുകളാണിത്. ഇത് ഒരാളുടെ അനുഭവമല്ല. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും ഒന്നുംഫലം കാണുന്നില്ല.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്. പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കളുടെ നടുവിലാണ്.
പദ്ധതി പരണത്ത്, കടി കൊള്ളാൻ ജനം
പഞ്ചായത്തുകളിൽ മിനി എ.ബി.സി സെന്ററുകൾ തുടങ്ങി ജനന നിയന്ത്രണ പദ്ധതികൾ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകിയെങ്കിലും ഒരിടത്തും ആരംഭിച്ചിട്ടില്ല. കോട്ടയം നഗരസഭക്ക് മാത്രമാണ് നിലവിൽ എ.ബി.സി സെന്ററുള്ളത്. ബ്ലോക്ക് തലത്തിൽ രണ്ട് എ.ബി.സി സെന്റർ, രണ്ട് വെറ്ററിനറി യൂണിറ്റ് എന്നിവ ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടെങ്കിലും നടപ്പാക്കാനായില്ല. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് എ.ബി.സി സെന്റർ തുടങ്ങാനായി മുന്നോട്ട് പോയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല. പള്ളം ബ്ലോക്കിലെ പനച്ചിക്കാട് പഞ്ചായത്തിൽ സെന്ററിന് സ്ഥലം കണ്ടെത്തിയെങ്കിലും പദ്ധതി നടത്തിപ്പിന് പണമില്ല. ദിവസങ്ങൾക്ക് മുൻപ് മൂലവട്ടം സ്വദേശിയായ യുവാവിന് തെരുവ് നായയുടെ കടിയേറ്റിരുന്നു.
ഇവിടം ഇവരുടെ താവളം
കോടിമത, ഗുഡ്ഷെപ്പേർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചന്തക്കടവ് എം.എൽ റോഡ്, കോടിമത, ടി.ബി റോഡ്, പാക്കിൽ, ചെട്ടിക്കുന്ന്, കടുവാക്കുളം, പതിനഞ്ചിൽപ്പടി, ലക്ഷംവീട്, പാലാ, വൈക്കം, തലയോലപ്പറമ്പ്, ചങ്ങനാശേരി, നെടുംകുന്നം
''കൂടുതൽ എ.ബി.സി സെന്ററുകൾ തുറന്നാൽ മാത്രമേ തെരുവുനായ ശല്യത്തിന് തടയിടാൻ കഴിയൂ. കൂടാതെ, നായ്ക്കളെ സെന്ററിലെത്തിക്കുകയും വേണം.
(ജില്ലാ പഞ്ചായത്ത് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |